എഐ രംഗത്തെ മത്സരത്തിന് കൂടുതൽ കരുത്തുപകരാൻ പുതിയ മോഡലായ ജെമിനി 4 ഹൈഡ്രജൻ (Gemini 4 Hydrogen) അവതരിപ്പിച്ച് ഗൂഗിൾ. കോഡിങ്, ഗവേഷണം, ഡാറ്റ വിശകലനം തുടങ്ങി ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
ഗൂഗിൾ സെർച്ച്, ജെമിനി ആപ്പ്, ഗൂഗിൾ എഐ സ്റ്റുഡിയോ, ജെമിനി എപിഐ, വിവിധ ബിസിനസ് ടൂളുകൾ എന്നിവയിലൂടെ മോഡൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മുൻ പതിപ്പായ ജെമിനി 3.8 ഫ്ലാഷിനെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ പുതിയ മോഡലിന് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും എന്റർപ്രൈസ് ഉപയോക്താക്കൾക്കും വിവിധ സബ്സ്ക്രിപ്ഷൻ പ്ലാനുകളിലൂടെ ഇത് ലഭ്യമാകും.
കോഡിങ്ങിലും ഗവേഷണത്തിലും കൂടുതൽ മികവ്
ദൈനംദിന കോഡിങ്, ഡീബഗ്ഗിങ്, വെബ് വികസനം, ഗവേഷണം, ഡാറ്റ വിശകലനം തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ജെമിനി 4 ഹൈഡ്രജൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിഫോൾട്ട് ഹൈ തിങ്കിങ് (High Thinking) സംവിധാനത്തിൽ, ജെമിനി 3.8 ഫ്ലാഷിനേക്കാൾ 2.5 മടങ്ങ് വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഗൂഗിൾ പറയുന്നത്.
കോഡിങ് ശേഷി വിലയിരുത്തുന്ന ബെഞ്ച്മാർക്ക് പരീക്ഷകളിലും പുതിയ മോഡൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി കമ്പനി അവകാശപ്പെടുന്നു. ടെർമിനൽ-ബെഞ്ച് 4.1 പരീക്ഷയിൽ ജെമിനി 3.8 ഫ്ലാഷ് 18.2 ശതമാനം സ്കോർ നേടിയപ്പോൾ ജെമിനി 4 ഹൈഡ്രജൻ 57 ശതമാനം സ്കോർ നേടി.
തെറ്റായ വിവരങ്ങൾ കുറയ്ക്കാനും പുതിയ സംവിധാനം
മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത തെറ്റായതോ കെട്ടിച്ചമച്ചതോ ആയ വിവരങ്ങൾ നൽകുന്ന പ്രവണത കുറയ്ക്കാനുള്ള ശേഷിയാണ്. മുൻ മോഡലിനെ അപേക്ഷിച്ച് ഇത്തരം പിഴവുകൾ അഞ്ച് മടങ്ങ് കുറയ്ക്കാൻ പുതിയ പതിപ്പിന് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
ടൂൾ കോളുകൾ പരാജയപ്പെടുമ്പോഴോ സെർച്ച് വഴി ആവശ്യമായ ഫലങ്ങൾ ലഭിക്കാതിരിക്കുമ്പോഴോ കൂടുതൽ ഫലപ്രദമായി പ്രതികരിക്കാനും ജെമിനി 4 ഹൈഡ്രജന് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
വേഗത, കൃത്യത, സങ്കീർണമായ ജോലികൾ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയിൽ കൂടുതൽ മികവ് അവകാശപ്പെടുന്ന പുതിയ മോഡൽ എഐ അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.
