19 യാത്രക്കാർക്ക് പറക്കാം; ചൈനയുടെ പൂർണ വൈദ്യുത വിമാനം പരീക്ഷണപ്പറക്കൽ വിജയിച്ചു

വ്യോമയാന മേഖലയിൽ പുതിയ നേട്ടവുമായി ചൈന. സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമാതാക്കളായ കോമാക് (COMAC) വികസിപ്പിച്ച പൂർണ വൈദ്യുത വാണിജ്യ വിമാനം ‘CE-25A’ ആദ്യമായി വിജയകരമായി പറന്നുയർന്നു. ശനിയാഴ്ച ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷൗവിലായിരുന്നു പരീക്ഷണ പറക്കൽ. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും പങ്കെടുത്ത പരീക്ഷണം 57 മിനിറ്റ് നീണ്ടു. ഇതിൽ 16 മിനിറ്റിലധികം വിമാനം പറക്കുകയും 60.4 കിലോമീറ്റർ ദൂരം പിന്നിടുകയും ചെയ്തു.

വിമാനത്തിന്റെ പ്രകടനം തൃപ്തികരമായിരുന്നെന്നും എല്ലാ സംവിധാനങ്ങളും നിശ്ചയിച്ച ലക്ഷ്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചെന്നും കോമാക് അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വിമാനം ആദ്യത്തെ ആളില്ലാ പരീക്ഷണ പറക്കലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അടുത്തുള്ള നഗരങ്ങൾക്കിടയിലെ യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത വിമാനത്തിന് 19 യാത്രക്കാരെ വഹിക്കാനാകും. മണിക്കൂറിൽ പരമാവധി 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 400 കിലോമീറ്റർ വരെ ദൂരം പിന്നിടാനും ശേഷിയുണ്ട്. പരമാവധി 10 ടൺ ഭാരത്തിൽ പറന്നുയരാൻ കഴിയുന്ന വിമാനത്തിന് ചിറകുകളിൽ ഘടിപ്പിച്ച പത്ത് ഇലക്ട്രിക് ഡക്റ്റഡ് ഫാനുകളാണ് കരുത്ത് പകരുന്നത്.

പ്രമുഖ ബാറ്ററി നിർമാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് വിമാനം വികസിപ്പിച്ചത്. പൈലറ്റിന്റെ മേൽനോട്ടത്തിലും സ്വയംനിയന്ത്രിത സംവിധാനത്തിലൂടെയും പ്രവർത്തിക്കാൻ കഴിയുന്ന വിമാനത്തിന് ടൈപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കോമാക്കിന്റെ അപേക്ഷ ചൈനീസ് സിവിൽ ഏവിയേഷൻ അധികൃതർ അംഗീകരിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക