കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള സ്കൈ മെട്രോ ഇടനാഴി നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. തൂണുകളിൽ സ്ഥാപിക്കുന്ന ഉറപ്പുള്ള സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകൾ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഒൻപത് കിലോമീറ്റർ ദൂരം 15 മിനിറ്റിനുള്ളിൽ പിന്നിടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിർദേശം മുന്നോട്ടുവെച്ചത്.
പരമ്പരാഗത മെട്രോ പദ്ധതികളുടെ ഉയർന്ന നിർമാണച്ചെലവ് കണക്കിലെടുക്കുമ്പോൾ സ്കൈ മെട്രോ കൂടുതൽ ചെലവുകുറഞ്ഞ ബദലാകുമെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത എലിവേറ്റഡ് മെട്രോയ്ക്ക് കിലോമീറ്ററിന് 200 കോടിയിലധികം രൂപ ചെലവാകുമ്പോൾ സ്കൈ മെട്രോയ്ക്ക് 100 കോടി രൂപയിൽ താഴെ മതിയാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഷാർജയിൽ സ്ഥാപിച്ച സമാന സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മന്ത്ര റോഡ്–സാന്റോ ഗോപാലൻ റോഡ് ജംക്ഷനിൽ നിന്ന് ആരംഭിച്ച് ഗേറ്റ്വേ ഓഫ് കൊച്ചിൻ പാലം, വെണ്ടുരുത്തി പാലം, പേരമാനൂർ എന്നിവിടങ്ങളിലൂടെ കടന്നാണ് നിർദിഷ്ട പാത എറണാകുളം സൗത്ത് സ്റ്റേഷനിലെത്തുക. പഴയ കൊച്ചിൻ ഷിപ്പ്യാർഡ് റെയിൽവേ സൈഡിങ് അലൈൻമെന്റും പാതയ്ക്കായി പ്രയോജനപ്പെടുത്തും. രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 10 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.
ഓരോ പോഡിലും ഏകദേശം 16 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയായിരിക്കും വേഗം. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുമെന്നും ദിവസേന 10 മണിക്കൂർ പ്രവർത്തിച്ചാൽ ഏകദേശം 12,000 പേർക്ക് യാത്രാസൗകര്യം ലഭിക്കുമെന്നും ശ്രീധരൻ കണക്കാക്കുന്നു. പദ്ധതി നടപ്പായാൽ പരമ്പരാഗത മെട്രോ, വാട്ടർ മെട്രോ, സ്കൈ മെട്രോ എന്നീ മൂന്ന് സംവിധാനങ്ങൾ കൊച്ചിയുടെ ഗതാഗത ശൃംഖലയുടെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
