എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; ചർച്ചയ്ക്ക് വിളിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമരനേതാവ് വളർമതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം അറിയിച്ചിട്ടുണ്ട്. അതേസമയം, അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് വളർമതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ദീർഘനാളായി നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ മെഡിക്കൽ സംഘം ഇന്ന് രാവിലെ പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

ഭക്ഷണം കഴിക്കാത്തതും നിർജലീകരണവും മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വളർമതിക്കുണ്ട്. ഇതിന് പരിഹാരമായി ഡ്രിപ്പിലൂടെ ദ്രാവകങ്ങൾ നൽകുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ജനറൽ ആശുപത്രിയിൽ തുടരാനാണ് വളർമതിയുടെ തീരുമാനം. ആരോഗ്യനില മോശമായതിനെ തുടർന്ന് നേരത്തെ ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവിലെ സ്ഥിതി തുടരാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും സമരസമിതി നേതാവ് ജയകൃഷ്ണൻ പറഞ്ഞു. എന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ വളർമതി തയ്യാറല്ലെന്നും മരണം വരെ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.

ഡിവിഷൻ ഫാൾ ഉണ്ടായ സ്കൂളുകളിലെങ്കിലും അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി നടപ്പാക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാനോ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാനോ സമരക്കാർ ലക്ഷ്യമിടുന്നില്ലെന്നും ജയകൃഷ്ണൻ പറഞ്ഞു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ പ്രശ്നത്തോടുള്ള നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സമരസമിതി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക