പാൻ ഇന്ത്യൻ സിനിമ എന്ന ആശയം ലാഭം ലക്ഷ്യമിട്ട് നിർമ്മാതാക്കളും ബിസിനസുകാരും സൃഷ്ടിച്ച വൻ തട്ടിപ്പാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. വലിയ ബജറ്റ് സിനിമകളോടുള്ള അമിതമായ താൽപര്യം സിനിമയുടെ കലാമൂല്യവും സർഗാത്മകതയും ഇല്ലാതാക്കുകയാണെന്നും ഇത് ചെറുസിനിമകളുടെ നിലനിൽപ്പിന് ഭീഷണിയാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹൈദരാബാദിലെ ഡോ. ബി.ആർ. അംബേദ്കർ സാർവത്രിക സർവകലാശാലയിൽ ശനിയാഴ്ച നടന്ന ഛായാ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഇന്ന് കലാരൂപമെന്നതിലുപരി സമ്പൂർണ ബിസിനസായി മാറിയെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ലോകമെമ്പാടുമുള്ള മക്ഡൊണാൾഡ് ഭക്ഷണത്തിന് ഒരേ രുചിയുള്ളതുപോലെ ബോളിവുഡ് സിനിമകളും സർഗാത്മകത നഷ്ടപ്പെട്ട് ഒരേ മാതൃകയിൽ നിർമ്മിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൻ ബജറ്റ് ചിത്രങ്ങൾ ചലച്ചിത്ര വ്യവസായത്തിന്റെ അടിസ്ഥാന സംവിധാനത്തെത്തന്നെ തകർക്കുകയാണെന്നും വിമർശിച്ചു.
പാൻ ഇന്ത്യൻ സിനിമകളുടെ പ്രവണത ശക്തമായതോടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന ചെറിയ സിനിമകൾക്ക് തിയേറ്ററുകൾ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മലയാള സിനിമാ മേഖലയെ ഇതിന് വിപരീതമായ മാതൃകയായി അനുരാഗ് കശ്യപ് വിശേഷിപ്പിച്ചു. അഭിനേതാക്കളും സംവിധായകരും നിർമാതാക്കളും തമ്മിലുള്ള മികച്ച സഹകരണമാണ് മലയാള സിനിമയുടെ കരുത്തെന്നും ഇവിടെ താരങ്ങൾ വലിയ പ്രതിഫലം ആവശ്യപ്പെട്ട് സ്വയം വ്യവസായത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്കാരം മറ്റു സിനിമാ മേഖലകളിലേക്കും വ്യാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.
സിനിമാ നിർമാതാക്കൾക്കിടയിൽ ഇപ്പോൾ ഭയം നിലനിൽക്കുന്നുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. തങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമോ എന്ന ആശങ്ക കാരണം പലർക്കും സത്യസന്ധമായി കഥകൾ പറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
