അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണം വീണ്ടും ഉയർത്തി കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബിജെപി-ആർഎസ്എസ്-വിഎച്ച്പി ബന്ധമുള്ളവരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) രൂപീകരണത്തിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. അന്വേഷണത്തിന്റെ പേരിൽ ജനങ്ങളെയും സുപ്രീംകോടതിയെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും വിമർശിച്ചു.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പുതിയ എസ്ഐടി രൂപീകരിക്കണമെന്നതുൾപ്പെടെ മൂന്ന് ആവശ്യങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് ചോദിച്ചു. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത് ആരുടെ അനുമതിയോടെയാണെന്നും പാർട്ടി ചോദ്യം ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം രാജ്യത്തെ വേദനിപ്പിക്കുന്നതാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
ആദ്യ എസ്ഐടി രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അന്വേഷണ നിർദേശങ്ങളും പരസ്യപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവിടുകയും അവ ക്ഷേത്ര ട്രസ്റ്റിന് കൈമാറാൻ അനുമതി നൽകിയ അധികാരം ആരുടേതാണെന്ന് വ്യക്തമാക്കുകയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. ഇവരിൽ ഏഴുപേരിൽനിന്നായി 79.8 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തിരുന്നു. വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയോധ്യയിൽ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് എസ്ഐടിയുടെ കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
