ഷാർജയിൽ അൽ ദൈദ് പ്രവേശന പാലം തുറന്നു; മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാം

ഷാർജയിലെ അൽ ദൈദ് നഗരത്തിലേക്കുള്ള പുതിയ പ്രവേശന പാലം ഉദ്ഘാടനം ചെയ്തു. 320 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള പാലം അൽ ദൈദ് തടാകം-പാലം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമാണ്. പാലത്തിലേക്ക് നയിക്കുന്ന 2,300 മീറ്ററോളം നീളമുള്ള റോഡും ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കും. മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാലത്തിന് ശേഷിയുണ്ട്.

ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി പാലത്തിൽ പ്രത്യേക റാംപുകളും അടിപ്പാതകളും ഒരുക്കിയിട്ടുണ്ട്. ട്രാഫിക് ടോൾ ഗേറ്റിലേക്ക് പോകുന്ന ട്രക്കുകൾക്കായി 280 മീറ്റർ നീളമുള്ള റാംപും ഷാർജ നഗരത്തിലേക്ക് പോകുന്ന ട്രക്കുകൾക്കായി 160 മീറ്റർ നീളമുള്ള റാംപും ഇതിൽ ഉൾപ്പെടുന്നു. ജബൽ ഒമർ, അൽ തയ്യിബ, ടെൽ അൽ സഫ്രാൻ തുടങ്ങിയ സമീപപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 108 മീറ്റർ നീളമുള്ള അടിപ്പാതകളും പദ്ധതിയുടെ ഭാഗമാണ്.

പാലത്തിന് താഴെയുള്ള അൽ ദൈദ് തടാകത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 2027ലെ മൂന്നാം പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 4.6 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തടാകത്തിന് നിർമാണം പൂർത്തിയാകുമ്പോൾ 40 കോടി ഗാലൺ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടാകുമെന്ന് ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റിയായ മുബദറയുടെ ചെയർമാൻ ഡോ. എൻജിനീയർ സലാ ബിൻ ബുട്ടി അൽ മുഹൈരി പറഞ്ഞു.

അൽ ദൈദിലെ റോഡ് ശൃംഖലയുടെ വികസനം പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അൽ ദൈദിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനെ വിവിധ ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് ബസ് റൂട്ടുകളാണ് ഇതിനായി ഒരുക്കുന്നത്. ER1 റൂട്ടിലൂടെ അൽ മദാം ബസ് സ്റ്റേഷനിലേക്കും ER2 റൂട്ടിലൂടെ അൽ സജാ ബസ് സ്റ്റേഷനിലേക്കും ER3 റൂട്ടിലൂടെ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കുമാണ് സർവീസുകൾ നടത്തുക.

മറുപടി രേഖപ്പെടുത്തുക