തനിക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാതൃഭൂമി ദിനപത്രത്തിനും ബന്ധപ്പെട്ടവർക്കുമെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചതായി എം.ബി. രാജേഷ്. പത്രത്തിന്റെ പത്രാധിപർ, പ്രിന്റർ, പബ്ലിഷർ എന്നിവർക്കും അടിസ്ഥാനരഹിതമായ വാർത്താക്കുറിപ്പ് വിതരണം ചെയ്ത ആർ.എസ്. ശശികുമാറിനുമെതിരെയാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി അഭിഭാഷകൻ എം.സി. ആഷിയാണ് തനിക്കുവേണ്ടി വക്കീൽ നോട്ടീസ് അയച്ചതെന്നും രാജേഷ് വ്യക്തമാക്കി.
സിവിൽ കേസിനൊപ്പം ക്രിമിനൽ അപകീർത്തി കേസും ഫയൽ ചെയ്യാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വക്കീൽ നോട്ടീസിന് ലഭിക്കുന്ന മറുപടിക്ക് ശേഷം തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രാജേഷ് പറഞ്ഞു.
ആർ.എസ്. ശശികുമാറിന്റെ പേരിൽ നൽകിയ വാർത്താക്കുറിപ്പ് മറ്റ് പത്രങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും മാതൃഭൂമി സ്വന്തം ഉത്തരവാദിത്തത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് രാജേഷ് ആരോപിച്ചു. വാർത്താക്കുറിപ്പിലും അതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലും പരാമർശിച്ച കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതാവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മാതൃഭൂമി തുടർച്ചയായി രണ്ടുതവണ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് രാജേഷിന്റെ ആരോപണം. ഇതേത്തുടർന്നാണ് പത്രത്തിനും വ്യാജവാർത്ത നൽകിയ വ്യക്തിക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
