ഇന്ത്യയുടെ പ്രിയപ്പെട്ട കുഞ്ഞൻ കാർ മാരുതി 800ന് ലോക വാഹന പൈതൃക പുരസ്കാരം

ഇന്ത്യൻ വാഹനവിപണിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മാരുതി 800ന് 2026ലെ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം. പഴമയുള്ള വാഹനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫെഡറേഷൻ ഇന്റർനാഷണൽ ഡെസ് വെഹിക്കിൾസ് ആൻസിയൻസ് (FIVA) ആണ് പുരസ്കാരം നൽകിയത്. ഇന്ത്യയിലെ ആദ്യകാല ആധുനിക കാറുകളിലൊന്നായ മാരുതി 800 രാജ്യത്തെ മൂന്നാമത്തെ വലിയ വാഹനവിപണിയായി വളരുന്നതിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ട വാഹനമായാണ് വിലയിരുത്തപ്പെടുന്നത്.

1983ൽ പുറത്തിറങ്ങിയ മാരുതി 800 SS80 മോഡലിനാണ് പുരസ്കാരം ലഭിച്ചത്. DIA 6479 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഈ കാർ പൊതുജനങ്ങൾക്ക് സ്വന്തമായ ആദ്യ മാരുതി 800 ആയിരുന്നു. 1983 ഡിസംബർ 14ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡൽഹി സ്വദേശിയായ ഹർപാൽ സിങ്ങിന് കാർ കൈമാറുകയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഹർപാൽ സിങ്ങിന് വാഹനം ലഭിച്ചത്.

2010ൽ ഹർപാൽ സിങ് മരിക്കുന്നതുവരെ കാർ അദ്ദേഹത്തിന്റെ കൈവശം തുടർന്നു. പിന്നീട് 2017ൽ മാരുതി സുസുക്കിയുടെ സംരക്ഷണത്തിലെത്തിയ വാഹനം അഞ്ച് വർഷം നീണ്ട പരിശ്രമത്തിലൂടെ പുനരുദ്ധരിച്ചു. ഇന്ത്യയിൽ നിർമിച്ച ഭാഗങ്ങൾക്കും ജപ്പാനിൽനിന്ന് ലഭ്യമാക്കിയ ഘടകങ്ങൾക്കും ഉപയോഗിച്ചായിരുന്നു പുനരുദ്ധാരണം. നിലവിൽ ന്യൂഡൽഹിയിലെ കമ്പനിയുടെ ആസ്ഥാനത്ത് വാഹനം സംരക്ഷിച്ചുവരികയാണ്.

796 സിസി, മൂന്ന് സിലിണ്ടർ, വാട്ടർ കൂൾഡ് പെട്രോൾ എൻജിനാണ് 1983ലെ മാരുതി 800 SS80ന് കരുത്തേകുന്നത്. ഏകദേശം 39.5 ബിഎച്ച്പി കരുത്തും 59 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എൻജിനൊപ്പം നാല് സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് നൽകിയിരുന്നത്.

ലോകപ്രശസ്തമായ നിരവധി വാഹനങ്ങൾക്കൊപ്പമാണ് മാരുതി 800 ഈ പുരസ്കാരം സ്വന്തമാക്കിയത്. ഫ്രാൻസിൽ നിന്നുള്ള 1926ലെ ബുഗാട്ടി റോയൽ, സൈപ്രസിൽ നിന്നുള്ള 1965ലെ മെഴ്‌സിഡസ് ബെൻസ് 600, ബ്രസീലിൽ നിന്നുള്ള 1959ലെ റോമി ഇസെറ്റ തുടങ്ങിയ വാഹനങ്ങളും പുരസ്കാര നേട്ടത്തിൽ ശ്രദ്ധേയമായി. ഇന്ത്യൻ വാഹനചരിത്രത്തിലെ സുപ്രധാന അധ്യായമായ മാരുതി 800ന് ലഭിച്ച അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക