അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 2025-26 അധ്യയന വർഷം 6.5 ശതമാനത്തിന്റെ കുറവ്. തിങ്കളാഴ്ച പുറത്തുവിട്ട ‘ഓപ്പൺ ഡോർസ് 2026’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, തുടർച്ചയായ മൂന്നാം വർഷവും യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.
റിപ്പോർട്ട് പ്രകാരം യുഎസിൽ നിലവിൽ 3,39,435 ഇന്ത്യൻ വിദ്യാർഥികളാണുള്ളത്. കഴിഞ്ഞ അധ്യയന വർഷം ഇത് 3,63,019 ആയിരുന്നു. ബിരുദ കോഴ്സുകളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനത്തിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. 34.4 ശതമാനം കുറഞ്ഞതോടെ കഴിഞ്ഞ വർഷം 1.77 ലക്ഷമായിരുന്ന പ്രവേശനം ഇത്തവണ 1.16 ലക്ഷമായി. ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിലും 1.1 ശതമാനത്തിന്റെ കുറവുണ്ടായി.
അതേസമയം, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി) പദ്ധതിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.8 ശതമാനം വർധനയോടെ എണ്ണം 1,82,201 ആയി. യുഎസിലുള്ള ആകെ ഇന്ത്യൻ വിദ്യാർഥികളിൽ പകുതിയിലധികവും ഒ.പി.ടി വിഭാഗത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020-21 അധ്യയന വർഷത്തിനുശേഷം ആദ്യമായാണ് യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. രാജ്യത്തെ മൊത്തം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തോളം ഇടിവുണ്ടായപ്പോൾ പുതിയ പ്രവേശനങ്ങളിൽ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
2,54,458 വിദ്യാർഥികളുമായി ചൈനയാണ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ ഒഴുക്കിൽ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ.
