ടാറ്റ സൺസിന് ആർബിഐയുടെ കർശന നിർദേശം; ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് ആവർത്തിച്ച് കേന്ദ്ര ബാങ്ക്

ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിനോട് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന നിർദേശം ആവർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഉയർന്ന തലത്തിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾക്ക് (എൻബിഎഫ്സി) ബാധകമായ എല്ലാ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും ആർബിഐ നിർദേശിച്ചു. ടാറ്റ സൺസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് അയച്ച കത്തിലാണ് കേന്ദ്ര ബാങ്ക് നിലപാട് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

റെഗുലേറ്ററി മാർഗനിർദേശങ്ങളിൽ വ്യക്തത തേടി കഴിഞ്ഞ മാസം ടാറ്റ സൺസ് നൽകിയ കത്തിനുള്ള മറുപടിയായാണ് ആർബിഐയുടെ വിശദീകരണം. നിർദിഷ്ട നിയന്ത്രണങ്ങളെക്കുറിച്ച് കമ്പനി പ്രത്യേകമായി വിശദീകരണം തേടിയിരുന്നില്ലെങ്കിലും ഓഹരി വിപണിയിലെ ലിസ്റ്റിങ് സംബന്ധിച്ച ചർച്ചകളാണ് കത്തിന് പിന്നിലെന്നാണ് ആർബിഐ വ്യക്തമാക്കിയത്. ഉയർന്ന തലത്തിലുള്ള എൻബിഎഫ്സികൾക്ക് ബാധകമായ നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും പൂർണമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിന്റെ പശ്ചാത്തലത്തിൽ ആർബിഐയുടെ നിലപാടിന് പ്രത്യേക പ്രാധാന്യമുണ്ട്.

കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സിഐസി) എന്ന നിലയിലുള്ള രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കണമെന്ന ടാറ്റ സൺസിന്റെ അപേക്ഷ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആർബിഐ തള്ളിയിരുന്നു. എല്ലാ വായ്പകളും തിരിച്ചടച്ചതിനാൽ എൻബിഎഫ്സി ചട്ടങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാതെ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആർബിഐ നിർദേശിക്കുകയായിരുന്നു.

2022ൽ പ്രാബല്യത്തിൽ വന്ന സ്കെയിൽ അധിഷ്ഠിത നിയന്ത്രണങ്ങൾ പ്രകാരം ടാറ്റ സൺസിനെ ഉയർന്ന തലത്തിലുള്ള എൻബിഎഫ്സിയായാണ് ആർബിഐ തരംതിരിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ചട്ടം. അതിനാൽ ടാറ്റ സൺസിന്റെ ലിസ്റ്റിങ് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിൽ നിർണായകമാകും.

മറുപടി രേഖപ്പെടുത്തുക