‘മയിൽപ്പീലി ‘സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയത് ശ്രദ്ധക്കുറവെന്ന് മന്ത്രി; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് നിലപാട്

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസിക സംഘടിപ്പിക്കുന്ന യങ് സ്കോളർ എക്സാം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ സ്കൂളുകളിൽ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. ഇക്കാര്യം റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

വിഷയങ്ങൾ കൃത്യമായി പരിശോധിക്കാതെ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറാണ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. മയിൽപ്പീലി മാസിക ബാലഗോകുലത്തിന്റെയോ ആർ.എസ്.എസിന്റെയോ പ്രസിദ്ധീകരണമാണെന്ന ധാരണയില്ലാതെയാണ് ഉദ്യോഗസ്ഥൻ അനുമതി നൽകിയതെന്നാണ് മന്ത്രിയുടെ പ്രാഥമിക വിലയിരുത്തൽ. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിലാണ് അനുമതി നൽകിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത്തരം അപേക്ഷകൾ ലഭിക്കുമ്പോൾ കൃത്യമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നിർദേശം നൽകും. സംശയമുള്ള സാഹചര്യങ്ങളിൽ മന്ത്രിയുമായി നേരിട്ട് കൂടിയാലോചിക്കണമെന്നും നിർദേശിക്കുമെന്നും മന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക