സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും വിവിധ തരത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി രമ്യ കൃഷ്ണൻ. ബലപ്രയോഗത്തിലൂടെയോ പരസ്പര സമ്മതത്തോടെയോ യാദൃച്ഛികമായോ സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് സംഭവിക്കുന്നുണ്ടെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും താരം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം.
സിനിമാ മേഖല ഗ്ലാമറസ് പ്രൊഫഷനായതിനാലാണ് ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ചയാകുന്നതെന്ന് രമ്യ ചൂണ്ടിക്കാട്ടി. എന്നാൽ സിനിമയ്ക്ക് പുറത്തും നിരവധി സ്ത്രീകൾ സമാനമായ അനുഭവങ്ങൾ നേരിടുന്നുണ്ട്. എല്ലാ മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ ലിംഗഭേദമില്ലാതെ ആളുകൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം, ഭർത്താവും ചലച്ചിത്ര നിർമാതാവുമായ കൃഷ്ണ വംസിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന അഭ്യൂഹങ്ങളോടും രമ്യ പ്രതികരിച്ചു. പ്രൊഫഷണൽ പ്രതിബദ്ധതകൾ കാരണം താനും ഭർത്താവും വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നതെന്ന് താരം വ്യക്തമാക്കി.
‘ജയിലർ 2’വിലാണ് രമ്യ കൃഷ്ണൻ അവസാനമായി അഭിനയിച്ചത്.
