കോടാലിയുമായി യുഎസ് സൈനിക വിമാനത്തിൽ അതിക്രമിച്ചു കയറി; 500 കോടിയുടെ സി-130 വിമാനം തകർത്തു

അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യുഎസ് സൈനിക വിമാനത്തിൽ കോടാലിയുമായി അതിക്രമിച്ചു കയറി വൻ നാശനഷ്ടം വരുത്തിയ സംഭവത്തിൽ 48കാരനെതിരെ യുഎസിൽ കുറ്റം ചുമത്തി. ഏകദേശം 60 മില്യൺ ഡോളർ (ഏകദേശം 500 കോടി രൂപ) വിലമതിക്കുന്ന യുഎസ് എയർ നാഷണൽ ഗാർഡിന്റെ സി-130 ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനമാണ് ഇയാൾ തകർത്തത്. ഡിറ്റി ഒ’കൊറിൻ എന്നയാളാണ് ഏപ്രിൽ 11ന് ആക്രമണം നടത്തിയതെന്ന് യുഎസ് സർക്കാർ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

വിമാനത്താവളത്തിലെ സുരക്ഷാ വേലി മറികടന്ന് പുലർച്ചെ 4.40ഓടെയാണ് പ്രതി അകത്തുകടന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ടാക്സിവേയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന്റെ പിൻവശത്തെ വാതിലിന്റെ ലോക്കിങ് സംവിധാനം തകർത്താണ് അകത്തുകയറിയത്. തുടർന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് ജനാലകൾ മറയ്ക്കുകയും വാതിലുകൾ ബോൾട്ട് ചെയ്ത് ഗം ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. കോടാലി ഉപയോഗിച്ച് വൈദ്യുതിവയറുകൾ, ഹൈഡ്രോളിക് പൈപ്പുകൾ, ഓക്സിജൻ ട്യൂബുകൾ എന്നിവ മുറിച്ചുമാറ്റി. കോക്ക്പിറ്റിലെ മീറ്ററുകളും സ്ക്രീനുകളും തകർത്ത ഇയാൾ ഏകദേശം അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളിൽ തുടർന്നു.

രാവിലെ 9.40ഓടെ കോക്ക്പിറ്റിലെ കണ്ണാടിയിലൂടെ ജീവനക്കാർ ഇയാളെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിമാനത്തിന്റെ മേൽക്കൂരയിലെ ഹാച്ചിലൂടെ പുറത്തുവന്ന പ്രതി കോടാലി ഉപയോഗിച്ച് വിമാനത്തിന് മുകളിൽ ആക്രമണം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷിച്ചു. ഇന്ധന ടാങ്കുകളിലേക്ക് ലോഹഭാഗങ്ങളും സംശയാസ്പദമായ വസ്തുക്കളും നിക്ഷേപിക്കുന്നതിനിടെയാണ് ഐറിഷ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമല്ലെന്നും മാസങ്ങളായി ആസൂത്രണം ചെയ്തതാണെന്നുമാണ് എഫ്ബിഐയുടെ വിലയിരുത്തൽ. സൈനിക വിമാനങ്ങളുടെയും ലോഹം ലയിപ്പിക്കുന്ന രാസവസ്തുക്കളുടെയും നീക്കങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്പുകൾക്കായി പ്രതി നേരത്തെ തിരച്ചിൽ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുഎസ് വിദേശനയത്തോടും ഇസ്രായേൽ-ഇറാൻ സംഘർഷത്തോടുമുള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ അനുയായികൾ പറയുന്നത്.

വിമാനം ഇനി പറക്കാനാകാത്ത വിധം തകർത്തതിലൂടെ സർക്കാർ സ്വത്ത് നശിപ്പിച്ചെന്ന കുറ്റമാണ് യുഎസിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം.

മറുപടി രേഖപ്പെടുത്തുക