ജയിലിൽ ആരോഗ്യനില വഷളാകുന്നു; അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ജഡ്ജിമാർക്ക് തുറന്ന കത്ത് നൽകി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യാന്തരതലത്തിൽ ശക്തമാകുന്നു. ദീർഘകാലമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, തനിക്കും ഭാര്യ ബുഷ്റ ബീബിക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ മുതിർന്ന ജഡ്ജിമാർക്ക് തുറന്ന കത്ത് നൽകിയതായാണ് റിപ്പോർട്ട്. ആരോഗ്യനില മോശമാകുന്നതും ദീർഘകാലത്തെ ഏകാന്തതയും കണക്കിലെടുക്കുമ്പോൾ ജീവനോടെ തിരിച്ചെത്താനാകുമോ എന്ന് ഭയപ്പെടുന്നതായി കത്തിൽ അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അധ്യക്ഷനായ 74കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. രാഷ്ട്രീയപ്രേരിതമെന്ന് അദ്ദേഹത്തിന്റെ പാർട്ടി വിശേഷിപ്പിക്കുന്ന വിവിധ കേസുകളിലാണ് തടവ്. 2025 ജനുവരിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ കേസിൽ ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷം തടവുശിക്ഷയും ലഭിച്ചു.

അഭിഭാഷകൻ സൽമാൻ സഫ്ദർ മുഖേനയാണ് ഇമ്രാൻ ഖാൻ മുതിർന്ന ജഡ്ജിമാർക്ക് കത്ത് കൈമാറിയതെന്നാണ് വിവരം. വിദഗ്ധ ചികിത്സ നൽകണമെന്ന കോടതി ഉത്തരവുകൾ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. മസ്തിഷ്ക രക്തസ്രാവം, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബുഷ്റ ബീബിയും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ചശക്തി അതിവേഗം കുറഞ്ഞുവരികയാണെന്നും അടിയന്തര നേത്രചികിത്സ ആവശ്യമാണെന്നും അവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ജയിലിലെ താമസസ്ഥലത്തെ ശുചിത്വക്കുറവും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലെ കാലതാമസവും അവർ ഉന്നയിച്ചിട്ടുണ്ട്.

ഇമ്രാൻ ഖാന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ദിലീപ് വെങ്‌സർക്കർ എന്നിവരടക്കം 21 മുൻ രാജ്യാന്തര ക്രിക്കറ്റ് ക്യാപ്റ്റൻമാർ കഴിഞ്ഞ ഓഗസ്റ്റിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിരുന്നു. ഓസ്‌ട്രേലിയയുടെ മുൻ നായകൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. ഇംഗ്ലണ്ടിന്റെ മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, ഇയാൻ ചാപ്പൽ, ക്ലൈവ് ലോയ്ഡ്, ഡേവിഡ് ഗോവർ, സ്റ്റീവ് വോ എന്നിവരും കത്തിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.

അതേസമയം, ജയിലിൽ ഇമ്രാൻ ഖാനോട് മോശമായ പെരുമാറ്റം ഉണ്ടായെന്ന ആരോപണങ്ങൾ പാകിസ്ഥാൻ സർക്കാർ തള്ളിയിട്ടുണ്ട്. കുടുംബാംഗങ്ങൾ, അഭിഭാഷകർ, ഡോക്ടർമാർ എന്നിവരിൽനിന്നായി നൂറുകണക്കിന് സന്ദർശനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ്, അമേരിക്കൻ ജനപ്രതിനിധികളെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ സംഘടിതമായ അപകീർത്തി പ്രചാരണങ്ങളും ബോട്ട് അക്കൗണ്ടുകൾ വഴിയുള്ള ആക്രമണങ്ങളും നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഭരണകൂട അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളാണെന്നാണ് ആരോപണം. എന്നാൽ സർക്കാർ പിന്തുണയോടെയുള്ള ഉപദ്രവമെന്ന വാദം പാകിസ്ഥാൻ അധികൃതർ നിഷേധിക്കുന്നു.

ഇമ്രാൻ ഖാന്റെ തടവിനെതിരെ അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുൻ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതിൽ തങ്ങൾക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നുവെന്നും അവർ ആരോപിച്ചു. പ്രതിഷേധങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുന്നത് തടയാൻ പൊതുസുരക്ഷാ നിയമപ്രകാരം സെപ്റ്റംബറിൽ സഹോദരിമാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഇളയ രണ്ട് സഹോദരിമാരെ അടുത്തിടെ വിട്ടയച്ചതായാണ് ഇസ്ലാമാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ജയിലിൽ കഴിയുന്നതിനിടെ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ 1979ൽ റാവൽപിണ്ടി ജയിലിൽ തൂക്കിലേറ്റിയ ചരിത്രവും ഇമ്രാൻ ഖാന്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഭൂട്ടോയുടെ വധശിക്ഷ. വിചാരണ നീതിപൂർവമായിരുന്നില്ലെന്ന് പിന്നീട് പാകിസ്ഥാൻ സുപ്രീംകോടതി വിലയിരുത്തിയിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ തടവ് വ്യത്യസ്തമായ കേസുകളുമായി ബന്ധപ്പെട്ടതാണെന്നാണ് നിലവിലെ നിയമനടപടികൾ.

തോഷഖാന സമ്മാനക്കേസിലാണ് ആദ്യം ഇമ്രാൻ ഖാൻ ജയിലിലായത്. പിന്നീട് അൽ ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട 19 കോടി പൗണ്ട് അഴിമതിക്കേസിലും ശിക്ഷിക്കപ്പെട്ടു. 2023 മേയ് 9ന് അദ്ദേഹത്തിന്റെ അറസ്റ്റിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളും മറ്റ് നടപടികളും തുടരുകയാണ്. അൽ ഖാദിർ ട്രസ്റ്റ് കേസിലാണ് ബുഷ്റ ബീബിയും ശിക്ഷ അനുഭവിക്കുന്നത്. തോഷഖാനയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അവർ നേരിടുന്നുണ്ട്. ഇരുവരും കുറ്റം നിഷേധിച്ചിട്ടുണ്ട്. പിടിഐയെ രാഷ്ട്രീയരംഗത്തുനിന്ന് മാറ്റിനിർത്താനുള്ള നീക്കമാണ് കേസുകൾക്ക് പിന്നിലെന്നാണ് അവരുടെ ആരോപണം. എന്നാൽ സർക്കാർ ഇത് തള്ളുന്നു.

ഇതിനിടെ, പിടിഐയുടെ പരമ്പരാഗത ശക്തികേന്ദ്രമായ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലും സംഘർഷാവസ്ഥ രൂക്ഷമാണ്. പഷ്തൂൺ ഭൂരിപക്ഷ മേഖലയായ ഇവിടെ തെഹ്‌രീകെ താലിബാൻ പാകിസ്ഥാനുമായി (ടിടിപി) ബന്ധമുള്ള സംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മുൻ ഗോത്രമേഖലകളിലും തെക്കൻ പ്രദേശങ്ങളിലും ഏറ്റുമുട്ടലുകൾ പതിവാണ്. പ്രവിശ്യയിൽ പിടിഐയുടെ നേതൃത്വത്തിലുള്ള ഭരണമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരുമായി രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന പ്രവിശ്യാ ഭരണകൂടവും കേന്ദ്രവും തമ്മിലുള്ള ഭിന്നതയ്ക്കിടെ സുരക്ഷാ നടപടികളും സൈനിക നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഇമ്രാൻ ഖാന്റെ തടവ് ഇപ്പോൾ പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, തടവുകാരുടെ അവകാശങ്ങൾ, ജയിലിലെ ചികിത്സാസൗകര്യങ്ങൾ, ജനാധിപത്യപരമായ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലേക്കും ഇത് രാജ്യാന്തര ശ്രദ്ധ ക്ഷണിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക