പി.എം ശ്രീയിൽ ഒപ്പിട്ടത് ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം; നിലപാട് വ്യക്തമാക്കി ടി.പി. രാമകൃഷ്ണൻ

പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് അബദ്ധത്തിലായിരുന്നുവെന്നും അത്തരമൊരു തീരുമാനം ശരിയായിരുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിആർസികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും കേന്ദ്രസഹായം ലഭിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് ഒപ്പിട്ടതെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ചെയ്തത് ശരിയായില്ലെങ്കിലും ഒരു ദുർബല നിമിഷത്തിൽ ഒപ്പിട്ടുപോയതാണ്. അത് ശരിയായിരുന്നില്ലെന്നതാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് പി.എം ശ്രീ പദ്ധതി പ്രധാന വിഷയമല്ലെന്നും സംസ്ഥാനത്തെ സ്കൂളുകളും കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ടി.പി. രാമകൃഷ്ണന്റെ പ്രതികരണത്തിൽ കൂടുതൽ കൂട്ടിച്ചേർക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പി.എം ശ്രീ വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ ഇപ്പോൾ പറഞ്ഞത് നല്ല നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക