എലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ബദലായി ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ബ്രോഡ്ബാൻഡ് ശൃംഖല ഒരുക്കാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ വൻ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 1,600 ഉപഗ്രഹങ്ങളടങ്ങിയ ലോ എർത്ത് ഓർബിറ്റ് (LEO) സംവിധാനം സ്ഥാപിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ആഭ്യന്തര, വിദേശ ഉപഗ്രഹ നിർമാണ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
2035ഓടെ ഉപഗ്രഹ ശൃംഖല പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ജിയോ പ്ലാറ്റ്ഫോംസിൻ്റെ വളർച്ചയ്ക്കും പദ്ധതി കരുത്തുപകരും. ഇന്ത്യൻ ഉപഗ്രഹ നിർമാതാക്കൾ, സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ, വൻകിട വ്യവസായ ഗ്രൂപ്പുകൾ എന്നിവരുമായി റിലയൻസ് ചർച്ച നടത്തുന്നുണ്ട്. ആവശ്യമായ നിർമാണ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി സാമ്പത്തിക സഹായം നൽകാനും കമ്പനി തയ്യാറാണെന്നാണ് റിപ്പോർട്ട്.
നിലവിൽ ഇന്ത്യയിൽ പ്രതിവർഷം 15ൽ താഴെ ഉപഗ്രഹങ്ങളാണ് നിർമിക്കുന്നത്. എന്നാൽ റിലയൻസിന്റെ ലക്ഷ്യം കൈവരിക്കാൻ വർഷം ഏകദേശം 200 ഉപഗ്രഹങ്ങൾ നിർമിക്കേണ്ടിവരും. ആഭ്യന്തര നിർമാണത്തിനൊപ്പം വിദേശത്തുനിന്നുള്ള ഉപഗ്രഹങ്ങൾ വാങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അമേരിക്കയിൽനിന്ന് കുറഞ്ഞത് 400 ഉപഗ്രഹങ്ങളെങ്കിലും വാങ്ങാനാണ് നീക്കം. ഇതിനായി രണ്ട് അമേരിക്കൻ കമ്പനികളുമായും യൂറോപ്യൻ വിതരണക്കാരുമായും ചർച്ചകൾ നടക്കുന്നു. ചൈനീസ് കമ്പനികളെ പദ്ധതിയിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
2027 സെപ്റ്റംബറിൽ ആദ്യ പരീക്ഷണ വിക്ഷേപണം നടത്താനും 2028ന്റെ തുടക്കം മുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾ വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകമെമ്പാടുമായി 10,000ത്തിലധികം ഉപഗ്രഹങ്ങളുള്ള സ്റ്റാർലിങ്കിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ കണക്റ്റിവിറ്റി ആവശ്യങ്ങൾക്കും തന്ത്രപ്രധാന താൽപര്യങ്ങൾക്കുമാണ് റിലയൻസ് മുൻഗണന നൽകുന്നത്.
അതിർത്തി സംഘർഷങ്ങളോ യുദ്ധസാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ വിദേശ ഉപഗ്രഹ സേവനങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് പൂർണ നിയന്ത്രണമുള്ള ആശയവിനിമയ സംവിധാനം ഉറപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യവുമായി ചേർന്നാണ് പദ്ധതി മുന്നോട്ടുപോകുന്നത്. എന്നാൽ ഉപഗ്രഹങ്ങൾ നിർമിക്കുന്നതിനേക്കാൾ വലിയ വെല്ലുവിളി അവയെ ഭ്രമണപഥത്തിലെത്തിക്കാൻ ആവശ്യമായ റോക്കറ്റ് വിക്ഷേപണ ശേഷി വികസിപ്പിക്കലായിരിക്കുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ
