മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ മന്ത്രിസഭയെപ്പോലെ വിധേയരുടെ കൂട്ടമല്ല തന്റെ മന്ത്രിസഭയെന്നും മന്ത്രിമാർ പരസ്പരം അഭിപ്രായങ്ങൾ തുറന്നുപറയുന്നതും തർക്കിക്കുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ടര മണിക്കൂർ നീണ്ട ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിരവധി വിഷയങ്ങളിൽ ചർച്ചയും തർക്കവും നടന്നതായി സതീശൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് മാത്രം ഒരു മണിക്കൂറോളം ചർച്ച നടന്നു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചു. എല്ലാവരുടെയും നിർദേശങ്ങൾ കേട്ടശേഷം തീരുമാനമെടുക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും ജൂനിയറായ മന്ത്രി ജനീഷ് പോലും മുഖത്തുനോക്കി അഭിപ്രായം പറയാറുണ്ടെന്നും അത് താൻ ആസ്വദിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമുണ്ടാകാൻ ഒരു മന്ത്രിയുടെ അഭിപ്രായം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.പി.എസ്.ടി. സമരവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. സമരക്കാരുടെ ആരോഗ്യസ്ഥിതിയിൽ സർക്കാരിന് വലിയ ആശങ്കയുണ്ടെന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചർച്ചയിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം പ്രധാനമായും പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ തർക്കമുണ്ടെന്ന പ്രചാരണം സതീശൻ തള്ളി.
ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യു.ഡി.എഫ് സർക്കാരിനെ മുന്നോട്ടുനയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തിരുന്നെങ്കിൽ ഈ സംവിധാനം നേരത്തേ തകർന്നുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽ എടുക്കുന്ന തീരുമാനങ്ങൾ ഐകകണ്ഠേനയായിരിക്കുമെന്നും തീരുമാനത്തിലെത്താത്ത വിഷയങ്ങൾ അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുകയാണ് പതിവെന്നും സതീശൻ വ്യക്തമാക്കി.
ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും എല്ലാ കുടിശ്ശികകളും തീർത്തുവെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
