2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ബിജെപി. ‘രാധേ രാധേ, കമൽ ഖിലാ ദേ’ (രാധേ രാധേ, താമര വിരിയിക്കൂ) എന്ന മുദ്രാവാക്യമാണ് പാർട്ടി അവതരിപ്പിച്ചത്. മഥുരയിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിലാണ് പുതിയ പ്രചാരണ മുദ്രാവാക്യത്തിന് രൂപം നൽകിയത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നാല് പ്രധാന കർമപദ്ധതികളും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജന്മഭൂമി വിഷയം, മികച്ച ഭരണം, വനിതാ ശാക്തീകരണം, ബൂത്ത് തലത്തിൽ യുവജന പങ്കാളിത്തം വർധിപ്പിക്കൽ എന്നിവയാണ് കർമപദ്ധതികളിലെ പ്രധാന ഘടകങ്ങൾ. മഥുരയിലെയും ബ്രജ് മേഖലയിലെയും സാംസ്കാരികവും മതപരവുമായ പാരമ്പര്യത്തെ മുൻനിർത്തി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം മുന്നോട്ടുകൊണ്ടുപോകുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി പറഞ്ഞു. മഥുരയിൽ നടന്ന പ്രഭാത സെഷൻ പുതിയ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാന നില, സാംസ്കാരിക ദേശീയത, ഏകീകൃത സിവിൽ കോഡ്, ശ്രീകൃഷ്ണ ജന്മഭൂമി വിഷയം എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി ഭരണകാലത്തെ ക്രമസമാധാന നിലയുമായി താരതമ്യം ചെയ്ത് നിലവിലെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയായെങ്കിലും പാർട്ടിയുടെ അജണ്ടയിലുള്ള നിരവധി കാര്യങ്ങൾ ഇനിയും നടപ്പാക്കാനുണ്ടെന്ന് ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് യോഗത്തിൽ പറഞ്ഞു. പ്രവർത്തകർക്കിടയിലെ അതൃപ്തി പരിഹരിക്കുന്നതിനും ബൂത്ത് തലത്തിൽ യുവവോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും നേതൃത്വം നിർദേശങ്ങൾ നൽകിയിട്ടുണ്ട്
