ബിജെപി വിടാൻ പത്മജ വേണുഗോപാൽ; കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം

ബിജെപി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി അംഗത്വം രാജിവെക്കാനൊരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് രാജി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ രാജിക്കത്ത് സംസ്ഥാന അധ്യക്ഷന് കൈമാറിയേക്കും. കോൺഗ്രസിലേക്ക് മടങ്ങാനാണ് പത്മജയുടെ നീക്കമെന്നും സൂചനയുണ്ട്.

പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മാസങ്ങളായി പത്മജ ബിജെപി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നിർബന്ധിക്കുകയായിരുന്നുവെന്നും മത്സരിച്ച് പരാജയപ്പെട്ടാലും ഉന്നത പദവികൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും പത്മജ നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഗവർണർ പദവിയോ ദേശീയ വനിതാ കമ്മീഷനിലെ ഉന്നത സ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പത്മജയെന്നാണ് വിവരം. എന്നാൽ ഇത്തരം പരിഗണനകളൊന്നും ലഭിച്ചില്ലെന്നാണ് അവരുടെ അതൃപ്തിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽനിന്നടക്കം അവർ വിട്ടുനിന്നു.

പത്മജയെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളെന്നും സൂചനയുണ്ട്. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പഴയ പാർട്ടിയിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ഇതിന്റെ ഭാഗമായി സജീവമായതായാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക