ലോകത്തിലെ ഏറ്റവും ആകർഷകവും ഊർജസ്വലവുമായ 28 തെരുവുകളുടെ പട്ടിക പുറത്തുവിട്ട് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ‘ടൈം ഔട്ട്’. 2026ലെ പട്ടികയിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ സോങ് വാട്ട് റോഡാണ് ഒന്നാം സ്ഥാനത്തെത്തിയത്. പഴയകാല വ്യാപാരശാലകൾക്ക് പുതുജീവൻ നൽകി ഒരുക്കിയ കലാകേന്ദ്രങ്ങൾ, കഫേകൾ, ഭക്ഷണശാലകൾ, തെരുവോര കലകൾ എന്നിവയാണ് ഈ തെരുവിന്റെ പ്രധാന ആകർഷണം.
പടിഞ്ഞാറൻ ലണ്ടനിലെ ഗോൾബോൺ റോഡാണ് രണ്ടാം സ്ഥാനത്ത്. വൈവിധ്യമാർന്ന ഭക്ഷണശാലകളും പഴയകാല വസ്തുക്കളുടെ കടകളും കൊണ്ട് ശ്രദ്ധേയമായ ഈ തെരുവ് ‘ചെറിയ മൊറോക്കോ’ എന്നും അറിയപ്പെടുന്നു. അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ഫെർണാണ്ടസ് ഡി എൻസിസോ മൂന്നാം സ്ഥാനവും ഫിൻലൻഡിലെ ഹെൽസിങ്കിയിലുള്ള വാസൻകാട്ടു നാലാം സ്ഥാനവും സിംഗപ്പൂരിലെ നീൽ റോഡ് അഞ്ചാം സ്ഥാനവും നേടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരുവുകളുടെ തനതായ സംസ്കാരം, ഭക്ഷണവൈവിധ്യം, പ്രാദേശിക ജീവിതശൈലി, ചെറുകിട സംരംഭങ്ങൾ എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ജപ്പാനിലെ ക്യോട്ടോ, ഹോങ്കോങ്, പോർച്ചുഗലിലെ ലിസ്ബൺ, മലേഷ്യയിലെ ജോർജ് ടൗൺ, ജർമനിയിലെ ലീപ്സിഗ്, അമേരിക്കയിലെ ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലെ തെരുവുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ഓരോ നഗരത്തിന്റെയും യഥാർത്ഥ ജീവിതവും സംസ്കാരവും അടുത്തറിയാൻ ഇത്തരം തെരുവുകൾ സഹായിക്കുമെന്നാണ് ടൈം ഔട്ടിന്റെ വിലയിരുത്തൽ.
