2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 200 മണ്ഡലങ്ങളിൽ വൈകിട്ട് 5 മണിക്ക് ശേഷമുള്ള വോട്ടിങ് കണക്കുകൾ രേഖപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പുറത്തുവിട്ടത്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 530 പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 467 നിയമസഭാ മണ്ഡലങ്ങളും 63 ലോക്സഭാ മണ്ഡലങ്ങളുമാണ്. 2024ലെ തെരഞ്ഞെടുപ്പുകളിൽ വൈകിട്ട് 6 മണിയോടെയാണ് വോട്ടെടുപ്പ് അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ അവസാന മണിക്കൂറായ 5 മണി മുതൽ 6 മണി വരെയുള്ള വോട്ടിങ് വിവരങ്ങൾ 200 മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര രേഖകൾ പരിശോധിച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് വ്യക്തമാക്കി. ഇത്തരം രേഖകൾ കമ്മീഷൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാറില്ലെന്നും അതിനാൽ ഇത്ര വിപുലമായ രീതിയിൽ രേഖകൾ പരിശോധിക്കുന്നത് ആദ്യമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലെ നിർണായക വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരിശോധിച്ച 530 മണ്ഡലങ്ങളിൽ 23 എണ്ണത്തിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ബൂത്തിന് പുറത്ത് ക്യൂവിലുണ്ടായിരുന്നവർക്ക് നൽകിയ സ്ലിപ്പുകളുടെ എണ്ണം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടില്ല. വൈകിട്ട് 6 മണിക്ക് ക്യൂവിലുണ്ടായിരുന്ന എത്ര പേർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ലഭിച്ചുവെന്നത് ഇതോടെ വ്യക്തമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈകിട്ട് 5 മണിക്ക് ശേഷമുള്ള വോട്ടർമാരുടെ കണക്ക് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിടുകയും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തുന്ന മൊത്തം വോട്ടിങ് കണക്കുകൾക്ക് അനുസരിച്ച് തിരുത്തുകയും ചെയ്യുന്നത് വ്യാജ വോട്ടുകൾ കണ്ടെത്താതെ പോകാൻ ഇടയാക്കാമെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ ഉദ്ധരിച്ച് റിപ്പോർട്ടേഴ്സ് കളക്ടീവ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലാണ് ഇത്തരം രേഖകളുടെ അഭാവം ഏറ്റവും കൂടുതലുള്ളത്. സംസ്ഥാനത്തെ 114 നിയമസഭാ മണ്ഡലങ്ങളിൽ വൈകിട്ട് 5 മണിക്ക് ശേഷമുള്ള വോട്ടിങ് വിവരങ്ങൾ ലഭ്യമല്ല. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ 44 എണ്ണത്തിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിൽ 22 എണ്ണത്തിലും സമാനമായ പ്രശ്നം കണ്ടെത്തി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ 48 ലോക്സഭാ മണ്ഡലങ്ങളിൽ 18 എണ്ണത്തിലും ഹരിയാനയിലെ 10 മണ്ഡലങ്ങളിൽ ഒന്നിലും ജമ്മു കശ്മീരിലെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നിലും അവസാന മണിക്കൂറിലെ വോട്ടിങ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
