മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ രൂപീകരിച്ച സംഘടന, ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
പാർട്ടിയുടെ ആദ്യ അംഗത്വ യോഗം ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ നടന്നു. പാർട്ടി മേധാവി അയൻ ഭട്നാഗർ യോഗത്തിന് നേതൃത്വം നൽകി. ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൂടുതൽ ആളുകളെ സംഘടിപ്പിക്കാനുള്ള ശേഷി തെളിയിക്കുകയുമാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ദസറ തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ പ്രതിനിധീകരിക്കുന്ന ഉത്സവമാണെന്ന് ചൂണ്ടിക്കാട്ടിയ ഭട്നാഗർ, സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ മാത്രം ഒതുങ്ങാതെ ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്തു.
സിജെപിയുടെ പ്രതിഷേധങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന് ഭട്നാഗർ ആരോപിച്ചു. പ്രതിഷേധത്തിനിടെ വ്യാപാര സ്ഥാപനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നുവെന്ന ആരോപണങ്ങളെയും അദ്ദേഹം വിമർശിച്ചു.
കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള പ്രധാന വാണിജ്യ മേഖലകളിൽ, പ്രത്യേകിച്ച് ഉത്സവകാലത്ത് നടക്കുന്ന പ്രതിഷേധങ്ങൾ വ്യാപാരികളെ സാമ്പത്തികമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ഭട്നാഗർ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പങ്കെടുത്ത മറ്റു പ്രഭാഷകരും സിജെപിയുടെ പ്രതിഷേധങ്ങളെ വിമർശിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെയും സർക്കാരിനെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന നടപടികൾ തടയുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ പാർട്ടി രൂപീകരിച്ചതെന്നും അവർ വ്യക്തമാക്കി.
