നിർമിതബുദ്ധി ആഗോള തൊഴിൽ മേഖലയെ മാറ്റിമറിക്കുന്നതിനിടെ, ഏകദേശം 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരമൊരുക്കി മൈക്രോസോഫ്റ്റ്. ജീവനക്കാർക്ക് കരിയറിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയും ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട സാമ്പത്തിക, തൊഴിൽ അവസരങ്ങൾ തേടാൻ സഹായിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി സി.ഇ.ഒ സത്യ നാദെല്ല വ്യക്തമാക്കി.
നിലവിലെ ജോലിയിൽ വളർച്ചയോ പുതിയ അറിവുകളോ ലഭിക്കുന്നില്ലെന്ന് തോന്നുന്നവർ ഒരേ ടീമിൽ തുടരാൻ നിർബന്ധിതരാകേണ്ടതില്ലെന്ന് നാദെല്ല പറഞ്ഞു. കമ്പനിക്കുള്ളിലെ മറ്റ് വിഭാഗങ്ങളിലേക്ക് മാറുന്നതിനോ സ്വന്തം താൽപര്യപ്രകാരം പുറത്തുപോകുന്നതിനോ ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ ഉപകരണങ്ങൾ കോഡിങ് ഉൾപ്പെടെയുള്ള ജോലികൾ ഏറ്റെടുക്കുന്നതോടെ സോഫ്റ്റ്വെയർ എൻജിനീയർമാരുടെ പ്രവർത്തനരീതിയിലും വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ ഇത് പരിചയസമ്പന്നരായ ജീവനക്കാരുടെ കഴിവുകളുടെ മൂല്യം കുറയ്ക്കുന്നില്ലെന്നും, മറിച്ച് എ.ഐ സാങ്കേതികവിദ്യയ്ക്കൊപ്പം പ്രവർത്തിക്കാനും പുതിയ നൈപുണ്യങ്ങൾ നേടാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും നാദെല്ല ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളുമായി നേരിട്ട് സഹകരിച്ച് സാങ്കേതികവിദ്യ നടപ്പാക്കുന്ന ‘ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയർമാർക്ക്’ വരുംകാലത്ത് വലിയ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക മേഖലയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവർക്ക് മികച്ച രീതിയിൽ മുന്നേറാനാകുമെന്നും നാദെല്ല കൂട്ടിച്ചേർത്തു.
മൈക്രോസോഫ്റ്റിന് പുറമെ ഗൂഗിൾ ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക കമ്പനികളും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിനുമായി കാനഡ, ജർമനി, ജപ്പാൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാർക്ക് ഗൂഗിളും സ്വമേധയാ പിരിഞ്ഞുപോകൽ പാക്കേജുകൾ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രധാന എ.ഐ ഗവേഷണ വിഭാഗമായ ഡീപ്മൈൻഡിനെ ഈ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
