അഖിലേഷിന്റെ റോഡ് ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരൻ മരിച്ചു. ബുധനാഴ്ച കൂടഘട്ട് പ്രദേശത്ത് നടന്ന പിഡിഎ രഥയാത്രയുടെ ഭാഗമായ റോഡ് ഷോയ്ക്കിടെയാണ് അപകടം. സംഭവത്തോടെ രാഷ്ട്രീയ റാലികളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ പോരിനും തുടക്കമായി.

ചൗരി ചൗര സ്വദേശിയായ ആര്യവർദ്ധൻ സിംഗ് ആണ് മരിച്ചത്. റാലിക്കിടെ പുഷ്പദളങ്ങൾ വിതറുകയായിരുന്ന ബുൾഡോസർ നിയന്ത്രണം വിട്ട് കുട്ടിയെ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ ബുൾഡോസർ അതിവേഗത്തിലെത്തി മകനെ ഇടിക്കുകയായിരുന്നുവെന്ന് പിതാവ് ഓംകാർ സിംഗ് ആരോപിച്ചു. പ്രാദേശിക ബിജെപി നേതാവാണ് ഓംകാർ സിംഗ്.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും ശക്തമായി. കുട്ടിയുടെ മരണത്തിന് സമാജ്‌വാദി പാർട്ടി പ്രവർത്തകരെയാണ് ബിജെപി കുറ്റപ്പെടുത്തിയത്. അതേസമയം, അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. റോഡ് ഷോയ്ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവർത്തകർക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ കേസുകളിൽ കുടുക്കാൻ അവർക്ക് കഴിയുമെന്നും അഖിലേഷ് പറഞ്ഞു.

അപകടവിവരമറിഞ്ഞ് ഗോരഖ്പൂർ എംഎൽഎ സർവാൻ നിഷാദ്, കാബിനറ്റ് മന്ത്രി ഡോ. സഞ്ജയ് നിഷാദ് എന്നിവർ കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു. അപകടത്തിൽപ്പെട്ട ബുൾഡോസർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള നടപടികളും ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഗോരഖ്പൂരിൽ നടന്ന സംഭവം വലിയ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയത്.

മറുപടി രേഖപ്പെടുത്തുക