മഥുരയിൽ ക്ഷേത്രം നിർമിക്കും, പള്ളിയുടെ താഴികക്കുടം പൊളിച്ചുനീക്കാൻ തോന്നി; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

മഥുരയിലെ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുമെന്നും അവിടെയുള്ള പള്ളിയുടെ താഴികക്കുടം പൊളിച്ചുനീക്കുമെന്നും പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മന്ത്രി മായങ്കേശ്വർ ശരൺ സിങ്. മഥുരയിലെ പള്ളി സന്ദർശിച്ചപ്പോൾ കോടാലിയുമായി താഴികക്കുടത്തിൽ കയറി അത് സ്വയം പൊളിച്ചുനീക്കാൻ തോന്നിയെന്നും എന്നാൽ ഭരണഘടനാ പദവി വഹിക്കുന്നതിനാൽ അതിന് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. നൂറ് ശതമാനമല്ല, ഒരു കോടി ശതമാനവും മഥുരയിൽ ക്ഷേത്രം നിർമിക്കുമെന്നാണ് ഉറപ്പെന്നും ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചു.

കുന്ദ മണ്ഡലത്തിലെ എം.എൽ.എ രാജാ ഭയ്യ പ്രതാപ്ഗഡ് ജില്ലയിൽ സംഘടിപ്പിച്ച രാംകഥാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ആം ആദ്മി പാർട്ടിയും സനാതന ധർമത്തിന് എതിരാണെന്നും സനാതന ധർമത്തോടുള്ള എതിർപ്പല്ലാതെ മറ്റൊന്നും അവരുടെ രാഷ്ട്രീയ ചരിത്രത്തിലില്ലെന്നും ശരൺ സിങ് ആരോപിച്ചു.

അതേസമയം, മഥുരയിലെ തർക്കഭൂമിയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യം വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കുമെന്നാണ് സൂചന. ‘അയോധ്യ നമ്മുടെതായി, ഇനി മഥുരയുടെ ഊഴമാണ്’ എന്ന പരാമർശവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘രാധേ രാധേ, താമര വിരിയിക്കൂ’ എന്ന പ്രചാരണ മുദ്രാവാക്യവും ബി.ജെ.പി അവതരിപ്പിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക