ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് എത്തുന്നത് നല്ല കാര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. എന്നാൽ പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തകളിൽ വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെക്കുറിച്ച് പ്രത്യേകമായി പ്രതികരിക്കാനില്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായം പരസ്യമായി പറയേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളുടെ പരസ്യ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി പരിഹാസരൂപേണ മറുപടി നൽകി. പ്രതിപക്ഷത്തിന്റെ ജോലി ഭരണപക്ഷത്തുള്ളവർ ഏറ്റെടുത്തിരിക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നുണ്ടെന്നും അതിനാൽ യഥാർഥ പ്രതിപക്ഷ നേതാവിനോട് സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു.
