500 സിസി മോട്ടോർസൈക്കിൾ ശ്രേണിയിൽ പുതിയ മോഡലുമായി പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. പുതിയ ഹോണ്ട CB500 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.75 ലക്ഷം രൂപയാണ് ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. മൂന്ന് വേരിയന്റുകളിൽ ലഭ്യമാകുന്ന ബൈക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. 2026 അവസാനത്തോടെ ഡെലിവറി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
501 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ കൂൾഡ് എൻജിനാണ് ബൈക്കിന്റെ പ്രധാന സവിശേഷത. 5,250 ആർപിഎമ്മിൽ 28 എച്ച്പി കരുത്തും 3,750 ആർപിഎമ്മിൽ 43.3 എൻഎം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കും. നിലവിൽ ഇന്ത്യൻ വിപണിയിൽ ഹോണ്ട അവതരിപ്പിക്കുന്ന ഏറ്റവും വലിയ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളാണിത്.
സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചോടുകൂടിയ അഞ്ച് സ്പീഡ് ഗിയർബോക്സാണ് മറ്റൊരു പ്രത്യേകത. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമാണ് ബൈക്കിലുള്ളത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഗ്യാസ് ചാർജ്ഡ് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ സംവിധാനം.
മൂന്ന് വേരിയന്റുകൾ, വില ഇങ്ങനെ
- അലോയ് വേരിയന്റ്: 2.75 ലക്ഷം രൂപ. പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ നിറങ്ങളിൽ ലഭിക്കും.
- സ്പോക്ക് വേരിയന്റ്: 3 ലക്ഷം രൂപ. ക്രോസ് സ്പോക്ക് ട്യൂബ്ലെസ് റിമ്മുകളുള്ള ഈ മോഡൽ റെബൽ റെഡ് മെറ്റാലിക്, മാറ്റ് സ്റ്റീൽ സിൽവർ മെറ്റാലിക് നിറങ്ങളിൽ ലഭ്യമാണ്.
- ടോപ്പ് എൻഡ് വേരിയന്റ്: 3.02 ലക്ഷം രൂപ. പുതിയ ഗ്രാഫിക്സും പ്രത്യേക നിറങ്ങളുമായി സിംഗിൾ പേൾ ഇഗ്നിയസ് ബ്ലാക്ക് ഷേഡിലാണ് ലഭ്യമാകുക.
മൂന്ന് വേരിയന്റുകളിലും ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹോണ്ട റോഡ്സിങ്ക് കണക്റ്റിവിറ്റി സംവിധാനങ്ങൾ സ്റ്റാൻഡേർഡായി ലഭിക്കും.
189 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 168 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് മോഡൽ ഒരുക്കിയിരിക്കുന്നത്. 500 സിസി വിഭാഗത്തിൽ പുതിയ മത്സരം സൃഷ്ടിക്കാനാണ് ഹോണ്ടയുടെ നീക്കം.
