പ്രമുഖ വാർത്താ അവതാരക നിഷ പുരുഷോത്തമൻ ന്യൂസ് മലയാളം 24×7 ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസിൽ നിന്ന് രാജിവെച്ച നിഷ, ചാനൽ മേധാവിയായാണ് പുതിയ ചുമതലയേൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ ചാനലിൽ ജോലിയിൽ പ്രവേശിക്കുമെന്നാണ് സൂചന.
നിഷയ്ക്ക് വനിതാ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ തുടങ്ങിയ സർക്കാർ പദവികൾ ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ നിയമനങ്ങൾ വൈകിയതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച ഓഫറുകളിൽ ന്യൂസ് മലയാളത്തിന്റെ വാഗ്ദാനം നിഷ സ്വീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ചാനലിന്റെ എഡിറ്റോറിയൽ നിലപാടിലും പ്രവർത്തനരീതിയിലും മാറ്റം വരുത്തി പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനാണ് മാനേജ്മെന്റിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ആഭ്യന്തര തർക്കങ്ങളും നേതൃത്വപരമായ പ്രശ്നങ്ങളും പരിഹരിച്ച് ചാനലിനെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിഷയുടെ നിയമനത്തെ വിലയിരുത്തുന്നത്.
