പാകിസ്താൻ അതിർത്തിയിൽ അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാനൊരുങ്ങി ഇന്ത്യ

പാകിസ്താനുമായുള്ള അതിർത്തിയിലെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചാമത്തെ റഷ്യൻ നിർമിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്താൻ മറ്റ് രാജ്യങ്ങളുമായുള്ള സൈനിക സഹകരണം വിപുലീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഫെബ്രുവരിയോടെ പുതിയ സംവിധാനം വിന്യസിക്കാൻ സജ്ജമാകുമെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2018ൽ റഷ്യയുമായി ഒപ്പിട്ട 5.43 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് പുതിയ സംവിധാനം എത്തുന്നത്. കൈമാറ്റത്തിന് മുന്നോടിയായി പരിശോധന നടത്താൻ ഇന്ത്യൻ വ്യോമസേനയുടെ സംഘം അടുത്ത മാസം റഷ്യ സന്ദർശിക്കും. കഴിഞ്ഞ ജൂണിലാണ് ഇന്ത്യയ്ക്ക് നാലാമത്തെ എസ്-400 സംവിധാനം ലഭിച്ചത്. നിലവിൽ മൂന്നെണ്ണം പാകിസ്താൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.

സുദർശൻ ചക്ര എന്ന പേരിൽ ഇന്ത്യൻ സൈന്യം വിശേഷിപ്പിക്കുന്ന എസ്-400 ട്രയംഫ് ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ്. കഴിഞ്ഞ വർഷം മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ നാലുദിവസത്തെ സൈനിക ഏറ്റുമുട്ടലിൽ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ എസ്-400 നിർണായക പങ്കുവഹിച്ചിരുന്നു. ഭീകരാക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

ചൈനയും തുർക്കിയും പാകിസ്താന് സൈനിക ഉപകരണങ്ങൾ കൈമാറുന്നതും അമേരിക്ക പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും സൗദി അറേബ്യ പാകിസ്താന്റെ സൈനിക ശേഷി വർധിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നതും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും 2040 വരെ അവയുടെ പ്രവർത്തനകാലാവധി നീട്ടാനുമായി അമേരിക്ക അനുവദിച്ച 686 ദശലക്ഷം ഡോളറിന്റെ പാക്കേജിനെതിരെ ഇന്ത്യ കഴിഞ്ഞ മാസം പ്രതിഷേധം അറിയിച്ചിരുന്നു. ഫിലിപ്പീൻസിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് ഇന്ത്യയുടെ ആശങ്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനുള്ള നിർദേശത്തിന് മാർച്ചിൽ ഇന്ത്യയുടെ പ്രതിരോധ സംഭരണ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി റഷ്യ ഓഗസ്റ്റിൽ വിശദമായ ചെലവ് നിർദേശം സമർപ്പിച്ചു. എന്നാൽ പുതിയ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. കൂടുതൽ എസ്-400 സംവിധാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവും സെപ്റ്റംബറിൽ സ്ഥിരീകരിച്ചിരുന്നു.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആകെ ആയുധ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.

മറുപടി രേഖപ്പെടുത്തുക