ബംഗാളിലെ മദ്രസകളിൽ ഇനി വെള്ളിയാഴ്ച അവധിയില്ല; ഞായറാഴ്ച മാത്രം പ്രതിവാര അവധി

പശ്ചിമ ബംഗാളിലെ സർക്കാർ അംഗീകൃത മദ്രസകളിൽ പതിറ്റാണ്ടുകളായി തുടർന്നുവന്നിരുന്ന വെള്ളിയാഴ്ചകളിലെ പ്രതിവാര അവധി ഒഴിവാക്കാൻ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ ഉത്തരവ്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയിൽ ഇനി ഞായറാഴ്ച മാത്രമായിരിക്കും മദ്രസകൾക്ക് പ്രതിവാര അവധി. നവംബർ 27ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ബോർഡ് പുതിയ നിർദേശം അറിയിച്ചത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.

2026ലെ അക്കാദമിക് കലണ്ടർ കൃത്യമായി പാലിക്കണമെന്നും മദ്രസകളുടെ ദൈനംദിന അക്കാദമിക്, ഭരണപരമായ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും സ്ഥാപന മേധാവികൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനായി മദ്രസകൾക്ക് വെള്ളിയാഴ്ച അവധി നൽകുകയും പകരം ഞായറാഴ്ച പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. പുതിയ ഉത്തരവോടെ ഈ രീതി അവസാനിക്കും. ഞായറാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിലെ പ്രതിവാര അവധി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ഞായറാഴ്ചകളിലെ പ്രതിവാര അവധിക്ക് പുറമെ സംസ്ഥാന സർക്കാരോ മദ്രസ ബോർഡോ പ്രഖ്യാപിക്കുന്ന പൊതുഅവധികൾ, ദേശീയ ദിനങ്ങൾ, മതപരമായ വിശേഷ ദിവസങ്ങൾ എന്നിവയിലെ അവധികൾ തുടരും. അവയിൽ മാറ്റമുണ്ടാകില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പാഠ്യപദ്ധതി പരിഷ്‌കരണം, സ്കൂൾ ഫീസ് ഘടനയിലെ മാറ്റങ്ങൾ, വിദ്യാർഥികളുടെ വസ്ത്രധാരണ നിയന്ത്രണങ്ങൾ, ബയോമെട്രിക് ഹാജർ സംവിധാനം തുടങ്ങിയ പരിഷ്‌കരണങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിവരുന്നതിനിടെയാണ് പുതിയ തീരുമാനം.

സുവേന്ദു അധികാരി മുഖ്യമന്ത്രിയായതിന് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിൽ പരിശോധന ശക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ 22 ജില്ലകളിലായി പ്രവർത്തിച്ചിരുന്ന 252 അനധികൃത മദ്രസകൾ അടച്ചുപൂട്ടാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു. മതിയായ രേഖകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം, അധ്യാപകരുടെയും വിദ്യാർഥികളുടെയും കുറവ്, സാമ്പത്തിക സഹായ സ്രോതസുകളിലെ പൊരുത്തക്കേടുകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇതിന് പിന്നാലെ ഒക്ടോബറിൽ ഉത്തരാഖണ്ഡ് സർക്കാരും 206 അംഗീകൃത മദ്രസകളിലെ വെള്ളിയാഴ്ച അവധി റദ്ദാക്കിയിരുന്നു. സമാനമായ തീരുമാനമാണ് ഇപ്പോൾ പശ്ചിമ ബംഗാളിലും നടപ്പാക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക