സിനിമകൾ കാണുമ്പോൾ പ്രണയിക്കാൻ തോന്നും, സുഹൃത്തുക്കളുടെ ബന്ധങ്ങൾ കാണുമ്പോൾ വേണ്ടെന്ന് തോന്നും: നിഖില വിമൽ

പ്രണയബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് നടി നിഖില വിമൽ. സിനിമകൾ കാണുമ്പോൾ പ്രണയിക്കണമെന്ന് തോന്നാറുണ്ടെങ്കിലും സുഹൃത്തുക്കളുടെ റിലേഷൻഷിപ്പുകൾ കാണുമ്പോൾ ആ ചിന്ത മാറുമെന്നാണ് താരത്തിന്റെ പ്രതികരണം. പുതിയ തമിഴ് ചിത്രമായ ‘ഹലോ കാതൽ’ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നിഖിലയുടെ രസകരമായ വെളിപ്പെടുത്തൽ.

റിലേഷൻഷിപ്പുകൾ തെറ്റാണെന്ന് താൻ പറയില്ലെന്നും എന്നാൽ പ്രണയബന്ധങ്ങളിലെ വഴക്കുകളും പ്രശ്നങ്ങളും കാണുമ്പോൾ അതിനോട് താൽപര്യം തോന്നാറില്ലെന്നും നിഖില പറഞ്ഞു. സുഹൃത്തുക്കൾക്കിടയിൽ സ്നേഹത്തേക്കാൾ കൂടുതൽ വഴക്കുകളാണ് പലപ്പോഴും കാണുന്നത്. സ്നേഹമുള്ളിടത്ത് വഴക്കുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടിയെന്നും താരം പറഞ്ഞു.

തന്റെ ജീവിതത്തിൽത്തന്നെ സമ്മർദങ്ങളും മറ്റ് പ്രശ്നങ്ങളുമുണ്ടെന്നും അതിനൊപ്പം ഒരു പ്രണയബന്ധത്തിന്റെ സമ്മർദം കൂടി താങ്ങാനുള്ള കരുത്ത് തനിക്കില്ലെന്നും നിഖില കൂട്ടിച്ചേർത്തു.

‘ഹലോ കാതൽ’ ചിത്രത്തിൽ ആര്യ, വൈഷ്ണവി ചൈതന്യ എന്നിവർക്കൊപ്പമാണ് നിഖില അഭിനയിക്കുന്നത്. ചിത്രത്തിന്റെ നായകനും നിർമാതാവുമായ ആര്യ സെറ്റിലെ എല്ലാവരെയും സൗഹാർദപരമായി പരിഗണിച്ചിരുന്നുവെന്നും അതിനാൽ എല്ലാ ദിവസവും ഷൂട്ടിങ്ങിന് പോകാൻ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘പ്രണയവിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ മുരളിയാണ് ‘ഹലോ കാതൽ’ സംവിധാനം ചെയ്യുന്നത്. ആര്യയുടെ ഉടമസ്ഥതയിലുള്ള ദി ഷോ പീപ്പിളും സിൽവർ ഗ്രെയിൻ പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം ഡിസംബർ നാലിന് തിയേറ്ററുകളിലെത്തും.

മറുപടി രേഖപ്പെടുത്തുക