ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ജനപ്രീതി ഒരിക്കൽക്കൂടി തെളിയിച്ച് ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എഡിഷൻ. കമ്പനിയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പ്രത്യേക പതിപ്പിന്റെ 125 യൂണിറ്റുകളും വിൽപ്പന ആരംഭിച്ച് ആറു മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. 4.26 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
ഒക്ടോബർ 16 മുതൽ 28 വരെയാണ് ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എഡിഷനായി റോയൽ എൻഫീൽഡ് രജിസ്ട്രേഷൻ സ്വീകരിച്ചത്. പരിമിതമായ എണ്ണം മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ എന്നതിനാൽ ഉപഭോക്താക്കളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. 125 വർഷത്തെ പാരമ്പര്യം ഓർമിപ്പിക്കുന്ന ഡിസൈൻ ഘടകങ്ങളും നിറം മാറുന്ന പ്രത്യേക പെയിന്റ് ഫിനിഷുമാണ് ഈ പതിപ്പിന്റെ പ്രധാന ആകർഷണം.
വെളിച്ചത്തിനനുസരിച്ച് നിറം മാറും
ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് നിറം മാറുന്ന പെയിന്റ് ഫിനിഷ്. വെളിച്ചം പതിക്കുമ്പോൾ ചുവപ്പ്, പച്ച, സ്വർണ നിറങ്ങളിൽ ബൈക്ക് തിളങ്ങും. ഫ്യൂവൽ ടാങ്കിലും സൈഡ് പാനലുകളിലും റോയൽ എൻഫീൽഡിന്റെ 125 വർഷത്തെ പാരമ്പര്യം അടയാളപ്പെടുത്തുന്ന പ്രത്യേക ലോഗോകളും നൽകിയിട്ടുണ്ട്. കൈകൊണ്ട് വരച്ച പിന്‍സ്ട്രൈപ്പുകളും ബൈക്കിന് വേറിട്ട രൂപം നൽകുന്നു.
പെയിന്റ്, ഡിസൈൻ എന്നിവയിലെ മാറ്റങ്ങളൊഴിച്ചാൽ സാധാരണ ക്ലാസിക് 650യിൽ നിന്ന് വലിയ വ്യത്യാസങ്ങളില്ല. എൻജിനും പ്രധാന മെക്കാനിക്കൽ ഘടകങ്ങളും അതേപടി നിലനിർത്തിയിട്ടുണ്ട്.
648 സിസി പാരലൽ ട്വിൻ എൻജിൻ
648 സിസി എയർ/ഓയിൽ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ഹൈപ്പർഷിഫ്റ്റ് എഡിഷനിലുള്ളത്. 47 എച്ച്പി കരുത്തും 52.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഈ എൻജിന് കഴിയും. ഇന്റർസെപ്റ്റർ 650യിലും ഇതേ എൻജിനാണ് ഉപയോഗിക്കുന്നത്. സൂപ്പർ മെറ്റിയർ 650യിൽ നിന്ന് രൂപകൽപ്പന ചെയ്ത ഷാസിയാണ് ക്ലാസിക് 650യിലുള്ളത്. എന്നാൽ സൂപ്പർ മെറ്റിയറിലെ യുഎസ്ഡി ഫോർക്കുകൾക്ക് പകരം സാധാരണ ആർഎസ്‌യു ഫോർക്കുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.
സാധാരണ ക്ലാസിക് 650യുടെ വാലം റെഡ് പതിപ്പിന് 3.68 ലക്ഷം രൂപയും ടോപ്പ് വേരിയന്റായ ബ്ലാക്ക് ക്രോമിന് 3.82 ലക്ഷം രൂപയുമാണ് വില. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഹൈപ്പർഷിഫ്റ്റ് എഡിഷന് യഥാക്രമം 58,000 രൂപയും 43,500 രൂപയും അധികമാണ്.
പരിമിതമായ ലഭ്യതയും വ്യത്യസ്തമായ പെയിന്റ് ഫിനിഷും വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക ഡിസൈൻ ഘടകങ്ങളുമാണ് ബൈക്കിന് ആവശ്യക്കാരേറാൻ കാരണമായത്. വിറ്റുതീർന്ന 125 ബൈക്കുകളുടെയും വിതരണം നവംബർ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
