ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. മാവേലിക്കര കോടതിയുടേതാണ് നടപടി. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട ഹർജിയിലാണ് കോടതി ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ചത്.
ഒക്ടോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ പ്രസംഗിക്കവെയായിരുന്നു ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. “മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത്” എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പുനലൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
