രാജ്യത്തെ തൊഴിൽ മേഖലയിൽ നേരിയ പുരോഗതി. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി കുറഞ്ഞു. ഏപ്രിൽ–ജൂൺ പാദത്തിൽ ഇത് 5.4 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 5.2 ശതമാനത്തേക്കാൾ കുറവാണ് പുതിയ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ചൊവ്വാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ (പിഎൽഎഫ്എസ്) പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 5.55 ലക്ഷത്തിലധികം പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തൊഴിലില്ലായ്മ നിരക്കിലെ കുറവിന് പ്രധാന കാരണമായത് ഗ്രാമീണ മേഖലയിലെ പുരോഗതിയാണ്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു. ഗ്രാമീണ പുരുഷന്മാർക്കിടയിൽ ഇത് 4.7 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലേക്കും താഴ്ന്നു. എന്നാൽ നഗരമേഖലയിൽ തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ ഉയർന്ന് 6.8 ശതമാനത്തിലെത്തി. മുൻ പാദത്തിൽ ഇത് 6.7 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നഗരങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും തൊഴിലില്ലായ്മയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
തൊഴിലിന്റെ സ്വഭാവം പരിശോധിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ സ്വയംതൊഴിൽ ചെയ്യുന്നവരുടെ അനുപാതം 62.7 ശതമാനമായി ഉയർന്നു. നഗരങ്ങളിൽ സ്ഥിരം ശമ്പളത്തോടെയുള്ള ജോലികളിൽ ഏർപ്പെട്ടവരുടെ വിഹിതം 49.6 ശതമാനമായി വർധിച്ചു. അതേസമയം, കാഷ്വൽ തൊഴിലാളികളുടെ അനുപാതം ഗ്രാമങ്ങളിലും നഗരങ്ങളിലും കുറഞ്ഞു. ഗ്രാമങ്ങളിൽ 22.5 ശതമാനത്തിൽ നിന്ന് 21.7 ശതമാനമായും നഗരങ്ങളിൽ 11.1 ശതമാനത്തിൽ നിന്ന് 10.7 ശതമാനമായുമാണ് കുറവുണ്ടായത്.
മഴക്കാലത്ത് കാർഷിക ജോലികൾ വർധിച്ചതോടെ ഗ്രാമീണ മേഖലയിലെ തൊഴിൽ ഘടനയിലും മാറ്റമുണ്ടായി. ഗ്രാമീണ തൊഴിലാളികളിൽ കൃഷിയിലേർപ്പെട്ടവരുടെ വിഹിതം 52.9 ശതമാനത്തിൽ നിന്ന് 56.7 ശതമാനമായി ഉയർന്നു. നഗരമേഖലയിൽ സേവന മേഖലയാണ് തൊഴിൽ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകൾ മുന്നിൽ
തൊഴിൽ വിപണിയിലെ പങ്കാളിത്ത നിരക്കിലും വർധന രേഖപ്പെടുത്തി. 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ നിരക്ക് (എൽഎഫ്പിആർ) 54.6 ശതമാനത്തിൽ നിന്ന് 55.5 ശതമാനമായി ഉയർന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലാണ് ശ്രദ്ധേയമായ വർധന. 33.2 ശതമാനമായിരുന്ന നിരക്ക് 34.7 ശതമാനത്തിലെത്തി.
ജനസംഖ്യയിൽ ജോലി ചെയ്യുന്നവരുടെ അനുപാതമായ വർക്കർ പോപ്പുലേഷൻ റേഷ്യോയും (ഡബ്ല്യുപിആർ) ഉയർന്നു. മുൻ പാദത്തിലെ 51.7 ശതമാനത്തിൽ നിന്ന് 52.7 ശതമാനമായാണ് വർധിച്ചത്. തൊഴിലില്ലായ്മ നിരക്കിലെ കുറവും തൊഴിൽ പങ്കാളിത്തത്തിലെ വർധനയും രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിയ പുരോഗതിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
