രണ്ടര ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം വ്യാജം; തെളിയിക്കാൻ 24 ചാനലിനെ വെല്ലുവിളിച്ച് അസിത സഹീർ

24 ന്യൂസ് ചാനലിൽനിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി മാധ്യമപ്രവർത്തക അസിത സഹീർ. പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ ആവശ്യങ്ങൾക്കായോ ആരിൽനിന്നും രണ്ടര ലക്ഷം രൂപയല്ല, രണ്ട് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അസിത വ്യക്തമാക്കി. പിതാവിന്റെ ചികിത്സയ്ക്കായി പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ അവർ വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അസിത പ്രതികരിച്ചത്.

വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും മാന്യമായി സ്ഥാപനത്തിൽനിന്ന് പിരിയണമെന്ന ആഗ്രഹം കൊണ്ടാണ് രാജിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികരിക്കാതിരുന്നതെന്ന് അസിത പറഞ്ഞു. എന്നാൽ ചാനൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും തുടർന്നുണ്ടായ വ്യാജ പ്രചാരണങ്ങളും കാരണം വിശദീകരണം നൽകാൻ നിർബന്ധിതയായതാണെന്നും അവർ വ്യക്തമാക്കി. ഒരു സ്ഥാപനത്തിന്റെ എഡിറ്റോറിയൽ നിലപാടുകളോട് യോജിക്കാനും വിയോജിക്കാനും മൗനം പാലിക്കാനും രാജിവെച്ച് പുറത്തുപോകാനുമുള്ള സ്വാതന്ത്ര്യം ഓരോ മാധ്യമപ്രവർത്തകനുമുണ്ടെന്നും അസിത കൂട്ടിച്ചേർത്തു.

രണ്ട് മാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ചാനൽ ആവശ്യപ്പെട്ട 93,204 രൂപ നഷ്ടപരിഹാരം ‘ജനപ്രിയ’ എന്ന അക്കൗണ്ടിലേക്ക് കൈമാറിയ ശേഷമാണ് സ്ഥാപനം വിട്ടതെന്നും പണം നൽകിയതിന്റെ രേഖകൾ പുറത്തുവിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. നഷ്ടപരിഹാരം സ്വീകരിച്ച് സ്ഥാപനം വിട്ട തന്നെക്കുറിച്ച് ചാനൽ മേധാവി നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്നും അസിത ആവശ്യപ്പെട്ടു.

ചാനൽ മേധാവിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് തനിക്കും കുടുംബത്തിനുമെതിരെ രണ്ടര ലക്ഷം രൂപ വാങ്ങിയെന്ന തരത്തിൽ അപമാനകരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴി ബോധപൂർവം പ്രചാരണം നടത്തുന്നുവെന്ന ആരോപണങ്ങളും തള്ളി. വ്യക്തിപരമായ നേട്ടങ്ങൾക്കോ ആരെയും പ്രീതിപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും സ്വന്തം നിലപാടുകൾ ഉറച്ച ബോധ്യത്തോടെയാണ് സ്വീകരിച്ചതെന്നും അസിത വ്യക്തമാക്കി. ഭീഷണികൾക്കും വ്യാജ ആരോപണങ്ങൾക്കും മുന്നിൽ നിലപാടുകളിൽനിന്ന് പിന്നോട്ടുപോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക