വോട്ടർ പട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ശേഖരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്ഐആർ നടപടികൾക്കുശേഷമുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 1.27 കോടിയോളം ഹിന്ദു വോട്ടർമാരുടെ പേരുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ ഇല്ലെന്നാണ് യോഗി ആദിത്യനാഥ് ആരോപിച്ചത്. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളുടെയും 18–19 വയസ്സ് പ്രായമുള്ള 4.5 ലക്ഷത്തോളം യുവവോട്ടർമാരുടെയും വിവരങ്ങൾ ഉൾപ്പെടെ 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്ന് ഒഴിവായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ വോട്ടർ ഡേറ്റാബേസിൽ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, വയസ്സ്, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തുന്നതെന്ന് നവദീപ് റിൻവ വിശദീകരിച്ചു. മതം, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാറില്ല. വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര നിരീക്ഷകരും പേരുകളുടെ അടിസ്ഥാനത്തിൽ സ്വന്തം വിശകലനങ്ങൾ നടത്താറുണ്ട്. എന്നാൽ അത്തരം കണക്കുകളെ തെരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക വിവരങ്ങളായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7.38 കോടി പുരുഷന്മാരും 6.20 കോടി സ്ത്രീകളുമാണ്. ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 18.84 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2027 ജനുവരിയിലാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. നവംബർ 17 മുതൽ ഡിസംബർ 16 വരെ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. ഫോം 6, 7, 8 എന്നിവ ഉപയോഗിച്ച് പേരുകൾ ചേർക്കാനും നീക്കം ചെയ്യാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ടാകും.
