ഗ്യാനേഷ് കുമാറിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരും: ബിനോയ് വിശ്വം

മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉന്നത പദവി വഹിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജിജി തോംസണോട് ബിജെപിയിൽ ചേർന്നാൽ മന്ത്രി പദവി നൽകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞുവെന്ന വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറായ ഒരാളാണ് രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന സാഹചര്യം ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

ബിജെപിക്കായി ഉന്നത ഉദ്യോഗസ്ഥരെ പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗ്യാനേഷ് കുമാറിനെ പിന്നീട് അയോധ്യ ട്രസ്റ്റിന്റെ ചുമതലക്കാരനാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു. അമിത് ഷായുടെ താൽപര്യങ്ങൾക്കായി സഹകരണ മേഖലയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ഗ്യാനേഷ് കുമാർ നേതൃത്വം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വേണ്ടി നടത്തിയ ഇടപെടലുകളുടെ പ്രതിഫലമായാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതെന്ന ആരോപണവും ബിനോയ് വിശ്വം ഉന്നയിച്ചു. സഹ കമ്മീഷണർമാർക്ക് പോലും അംഗീകരിക്കാനാകാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

13 കോടി ഇന്ത്യക്കാരുടെ വോട്ടവകാശം കവർന്നെടുത്തുവെന്ന ആരോപണം ഉന്നയിച്ച ബിനോയ് വിശ്വം, ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായിരിക്കില്ലെന്ന ആശങ്ക ജനാധിപത്യവാദികൾക്കിടയിൽ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനരോഷം നേരിടേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്ത് ശക്തിപ്പെടുന്ന പ്രതിപക്ഷ ഐക്യം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാറിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരും എന്ന് ബിനോയ്‌ വിശ്വം കൂട്ടി ചേർത്തു.

മറുപടി രേഖപ്പെടുത്തുക