പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ധൈര്യമായിട്ടില്ല; വായനയാണ് വലിയ ആശയങ്ങൾക്ക് പ്രചോദനമെന്ന് വി.ഡി. സതീശൻ

പുസ്തകം എഴുതാൻ വലിയ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മനസ്സിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല മികച്ച ആശയങ്ങളും വായനയിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയിൽ നടന്ന ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാരിടൈം ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വായനയാണ് ‘മിഷൻ സമുദ്ര’ എന്ന വലിയ പദ്ധതിയിലേക്ക് നയിച്ചതെന്ന് സതീശൻ വ്യക്തമാക്കി. ഓരോ വിഷയത്തിലും തനിക്ക് കാര്യങ്ങൾ അപൂർണമായേ അറിയൂ എന്ന ബോധ്യമുള്ളതിനാലാണ് വിശദമായ പഠനവും മുന്നൊരുക്കവും നടത്തി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതും പുസ്തകങ്ങളാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും സാധാരണക്കാരോട് സഹാനുഭൂതിയോടെയുള്ള സദ്ഭരണവുമാണ് സർക്കാരിന്റെ പ്രധാന നയമെന്ന് സതീശൻ പറഞ്ഞു. കേരളത്തിൽ പ്രായമായ ഒരാൾ പോലും സങ്കടപ്പെടരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്കുകളിൽ കാപട്യം കലർത്താതെ നേരെ മുന്നോട്ടുപോയപ്പോഴാണ് ജനങ്ങൾ തന്നിലെ സത്യസന്ധത തിരിച്ചറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ടത്തിന്റെ ബഹളത്തിന് പിന്നാലെ പോകേണ്ടവരല്ല യഥാർഥ നേതാക്കളെന്ന് വായന പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കൊടുങ്കാറ്റായി ഉയർന്നാലും തന്റെ ഉറച്ച ബോധ്യങ്ങളിൽനിന്നും ഭരണനിലപാടുകളിൽനിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്നും വി.ഡി. സതീശൻ ആവർത്തിച്ചു.

മറുപടി രേഖപ്പെടുത്തുക