മോദിക്കും ഷായ്ക്കും വേണ്ടി ഗ്യാനേഷ് കുമാർമാർ തകർത്ത ജനാധിപത്യമാണ് തിരിച്ചുപിടിക്കേണ്ടത്: ജോൺ ബ്രിട്ടാസ്

ഗാന്ധി ജയന്തി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. ‘ശക്തരായവർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ അശക്തർക്കും നൽകുന്ന ഒന്നായാണ് ഞാൻ ജനാധിപത്യത്തെ മനസിലാക്കുന്നത്’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

രാഷ്ട്രപിതാവ് വിഭാവനം ചെയ്തതുപോലെ തന്നെയാണോ രാജ്യത്തെ ജനാധിപത്യം നിലനിൽക്കുന്നതെന്ന് ബ്രിട്ടാസ് ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾ അതിന് വിരുദ്ധമായാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് എന്നിവരുടെ താൽപര്യങ്ങൾക്കായി പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും ബ്രിട്ടാസ് ആരോപിച്ചു.

ഈ ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മോദിക്കും ഷായ്ക്കും വേണ്ടി ഗ്യാനേഷ് കുമാർമാർ തകർത്ത ജനാധിപത്യമാണ് തിരിച്ചുപിടിക്കേണ്ടതെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര അഹിംസാ ദിനമായും ആചരിച്ചുവരുന്നു.

മറുപടി രേഖപ്പെടുത്തുക