മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെതിരെ വിമർശനവുമായി കെ.കെ. രമ എംഎൽഎ. എ.ജിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും ഇത് യുഡിഎഫ് സർക്കാരിന്റെ പൊതുനിലപാടിന്റെ തിളക്കം കെടുത്തുന്നതാണെന്നും രമ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഉയരുന്ന വിമർശനങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് ശരിയാണെങ്കിലും, ആ വാദത്തിന്റെ മറവിൽ പിണറായി വിജയനും കുടുംബത്തിനും രക്ഷപ്പെടാനാകില്ലെന്ന് കെ.കെ. രമ പറഞ്ഞു. പുറത്തുവന്ന തെളിവുകൾ തന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സിഎംആർഎൽ കമ്പനിയിൽനിന്ന് പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്ക് സേവനം നൽകാതെ കോടികൾ കൈമാറിയെന്ന ആരോപണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലൂടെയല്ലെന്ന് രമ പറഞ്ഞു.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട അർധജുഡീഷ്യൽ സംവിധാനമായ ഇന്ററിം സെറ്റിൽമെന്റ് ബോർഡാണ് ഈ പണമിടപാടുകൾ സാധാരണ ബിസിനസ് ഇടപാടുകളായി കണക്കാക്കാനാകില്ലെന്ന് ആദ്യം കണ്ടെത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് എസ്എഫ്ഐഒയും ഇഡിയും അന്വേഷണം ആരംഭിച്ചതെന്നും രമ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ അന്വേഷണം രാഷ്ട്രീയ വേട്ടയാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ വസ്തുതകളെ മറച്ചുവയ്ക്കാനാവില്ലെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.
