ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെയും നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധത്തിനിടെ 143 വർഷം പഴക്കമുള്ള ലിമോജസ് ടൗൺ ഹാൾ കെട്ടിടത്തിന് തീയിട്ടു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകരുകയും പുറംഭാഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാരാണ് കെട്ടിടത്തിന് തീയിട്ടതെന്ന് അധികൃതർ അറിയിച്ചു. ഫ്രാൻസിന്റെ ചരിത്രപരമായ പൈതൃകത്തിന്റെ ഭാഗമായാണ് ലിമോജസ് ടൗൺ ഹാൾ കണക്കാക്കപ്പെടുന്നത്. 1873ൽ നിർമാണം ആരംഭിച്ച കെട്ടിടം 1883ലാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രാദേശിക പ്രിഫെക്റ്റ് മൗറീസ് ബാരറ്റ്, രാജ്യത്തിന്റെ പൈതൃകത്തിന് സംഭവിച്ച വലിയ ദുരന്തമാണിതെന്ന് പ്രതികരിച്ചു. കെട്ടിടത്തിന് നേരെ മനഃപൂർവമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാന നഗരങ്ങളിലും അക്രമം; വ്യാപക അറസ്റ്റ്
ജീവിതച്ചെലവിലെ വർധനയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രകടനങ്ങൾ പിന്നീട് പാരീസ്, മാർസെയിൽ, ലിയോൺ, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അക്രമാസക്തമായി. കെട്ടിടങ്ങൾ കൊള്ളയടിക്കുകയും വിവിധയിടങ്ങളിൽ തീയിടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്തുടനീളം ഏകദേശം 1,200 പേരെ അറസ്റ്റ് ചെയ്തതായും 150ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഫ്രഞ്ച് അധികൃതർ അറിയിച്ചു. സംഭവങ്ങളിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റിപ്പബ്ലിക്കിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ നയങ്ങളെ വിമർശിച്ച് ജെ.ഡി. വാൻസ്
ഫ്രാൻസിലെ സംഭവങ്ങളിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. രാജ്യത്തെ അശാന്തിക്ക് കുടിയേറ്റ നയങ്ങളാണ് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വൈവിധ്യത്തിന്റെയും കാരുണ്യത്തിന്റെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാംലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുവന്നെന്നും, അവരെ സമൂഹവുമായി സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ അവഗണിച്ചെന്നുമാണ് വാൻസ് സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചത്.
കൂടുതൽ ചരിത്രസ്മാരകങ്ങൾ നശിക്കുന്നതിന് മുമ്പ് ഫ്രാൻസ് പ്രതിഷേധങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസിലെ കോൺഗ്രസ് ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്ന ഭാവി ഇതാണെന്നും വാൻസ് വിമർശിച്ചു.
ജീവിതച്ചെലവും പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളിൽ തുടങ്ങിയ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയതോടെ ഫ്രാൻസിൽ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. അതേസമയം, സംഭവങ്ങളെ കുടിയേറ്റ നയങ്ങളുമായി ബന്ധിപ്പിച്ചുള്ള വാൻസിന്റെ പരാമർശം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.
