സി.എം.ആർ.എൽ.–എക്സാലോജിക് കേസ്: ഒക്ടോബർ 23ന് പിണറായി വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

വിവാദമായ സി.എം.ആർ.എൽ.–എക്സാലോജിക് കേസിൽ ഒക്ടോബർ 23ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ. സി.പി.ഐ.എം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിലെ അസൗകര്യം ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ പിണറായി വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഒക്ടോബർ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി സമൻസ് നോട്ടീസ് പതിപ്പിച്ചിരുന്നു. സമൻസിന് മറുപടി നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് വിവരം.

വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ ഒക്ടോബർ 21ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഈ യോഗത്തിലാകും തുടർനടപടികൾ സംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.

അതേസമയം, വസതിയിൽ സമൻസ് നോട്ടീസ് പതിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കുന്നു. ഒക്ടോബർ 23ന് പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം കണക്കിലെടുത്ത് ഇ.ഡി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. അന്നേ ദിവസം ഇ.ഡി കേസുകളുടെ പ്രത്യേക അവലോകന യോഗവും നടക്കും.

മറുപടി രേഖപ്പെടുത്തുക