എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രകാശ് രാജ്

ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പ്രതിഷേധക്കാരെ ആക്രമിക്കാൻ ഗുണ്ടകളെ അയച്ചവർ ദേശീയപതാകയുമായി പ്രതിഷേധിച്ച യുവാക്കളെ ജയിലിലടച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഡൽഹിയിൽ പ്രതിഷേധക്കാർക്കു നേരെ ഗുണ്ടകൾ ആക്രമണം നടത്തിയപ്പോഴും പെൺകുട്ടികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ അതിക്രമങ്ങളുണ്ടായപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് പ്രകാശ് രാജ് ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച യുവാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിഷേധങ്ങൾക്ക് വേദിയായിരുന്ന ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതാക്കി മാറ്റിയ ഭരണകൂടം, ഇപ്പോൾ പ്രതിഷേധിക്കാൻ പോലും പണം നൽകേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് വിമർശിച്ചു.

എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും രാജ്യത്തെ ഓരോ തെരുവും ജന്തർ മന്തറായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയതലത്തിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക