കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മൊബൈൽ ഫോണിന് മുകളിൽ ഒരുനുള്ള് മണ്ണുവെച്ചാൽ അതിന്റെ ഗുണനിലവാരവും അനുയോജ്യമായ വിളകളും തിരിച്ചറിയാൻ കഴിയുന്ന സാങ്കേതികവിദ്യ വരുമെന്നാണ് മോദി പറഞ്ഞത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മണ്ണിന്റെ സവിശേഷതകളും ഏതൊക്കെ വിളകൾക്ക് അനുയോജ്യമാണെന്ന വിവരവും ഉടനടി ലഭ്യമാകുമെന്നാണ് മോദിയുടെ വിശദീകരണം. കാർഷിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ സാധ്യതകൾ വിവരിക്കുന്നതിനിടെയായിരുന്നു പരാമർശം.
മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോണിന്റെ സ്ക്രീനിൽ നേരിട്ട് മണ്ണ് വെച്ച് പരിശോധന നടത്തുന്നത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട മീമുകളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പുതിയ സാങ്കേതികവിദ്യയുടെ പ്രായോഗികതയെക്കുറിച്ചും മോദിയുടെ പരാമർശത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.
