എക്സൈസ് മന്ത്രി അറിയാതെ ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; വിവാദത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കിയേക്കും

ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയതിൽ വെട്ടിലായി യുഡിഎഫ് സർക്കാർ. വിവാദമായ തീരുമാനത്തിൽ ഇന്ന് തന്നെ അനുമതി റദ്ദാക്കിയേക്കുമെന്നാണ് സൂചന. തിടുക്കപ്പെട്ട് അനുമതി നൽകിയതും എക്സൈസ് വകുപ്പും ഉദ്യോഗസ്ഥരും തമ്മിൽ ഏകോപനമില്ലെന്ന റിപ്പോർട്ടുകളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ചാലക്കുടിയിലെ ഒരു ബേക്കറിയിൽ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവാണ് അനുമതി നൽകിയത്. എന്നാൽ, ബേക്കറിയിൽ വിൽപ്പന ആരംഭിച്ചതിന് ശേഷമാണ് എക്സൈസ് മന്ത്രി എം. ലിജു തീരുമാനത്തെക്കുറിച്ച് മാധ്യമവാർത്തകളിലൂടെ അറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മന്ത്രി എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

എക്സൈസ് മന്ത്രിയെ അറിയിക്കാതെയാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നും സൂചനകളുണ്ട്. ഇതോടെ വകുപ്പുതല നടപടികളിൽ മന്ത്രിയുടെ പങ്കും മന്ത്രിസഭയിലെ കൂടിയാലോചനകളും സംബന്ധിച്ച ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതും ക്ഷേമപെൻഷനുകൾ വീടുകളിൽ എത്തിച്ചുനൽകുന്നത് നിർത്തലാക്കിയതും ഉൾപ്പെടെയുള്ള മുൻ തീരുമാനങ്ങളിലും വകുപ്പ് മന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രി ഇടപെട്ടിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും കൂടിയാലോചനകളും ഇല്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ എം. ലിജുവിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിഷയം പാർട്ടിക്കുള്ളിൽ ഉന്നയിച്ച് ചർച്ചയാക്കാനും മന്ത്രി നീക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക