നൂറാം വാർഷികം പൂർത്തിയാക്കിയ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ (യുപിഎസ്സി) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് യുവാക്കളുടെ അഭിലാഷങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രതീകമാണ് യുപിഎസ്സിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി യുപിഎസ്സി സെന്റനറി സ്മാരക നാണയം, തപാൽ സ്റ്റാമ്പ്, ‘100 ലാൻഡ്മാർക്ക് ജഡ്ജ്മെന്റ്സ്’ എന്ന പുസ്തകം എന്നിവ പുറത്തിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് ആരംഭിച്ച ഒരു വർഷം നീണ്ട ആഘോഷങ്ങൾക്കാണ് ഇതോടെ സമാപനമായത്.
അടുത്തിടെ വിമാനത്തിലുണ്ടായ സംഭവത്തിൽ ധൈര്യവും സമയോചിതമായ ഇടപെടലും നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബദ്ധതയും പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന മച്ചാർ പൂർണമായി സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
യുപിഎസ്സിയുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര രാജ്യത്തെ പൊതുസേവന സംവിധാനത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 1926 ഒക്ടോബർ ഒന്നിന് പബ്ലിക് സർവീസ് കമ്മീഷനായാണ് സ്ഥാപനം ആരംഭിച്ചത്. പിന്നീട് ഭരണഘടനാപരമായ സ്വതന്ത്ര സ്ഥാപനമായി യുപിഎസ്സി മാറി.
നേതാജി സുഭാഷ് ചന്ദ്രബോസ് യുപിഎസ്സി പരീക്ഷ പാസായതും സ്വാതന്ത്ര്യാനന്തരം സർദാർ വല്ലഭഭായ് പട്ടേൽ സിവിൽ സർവീസിന്റെ രൂപീകരണത്തിലും രാജ്യഭരണത്തിലും വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ ഭരണസംവിധാനത്തിൽ യുപിഎസ്സി നിർണായക സ്ഥാപനമായി മാറിയതായും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന ശതാബ്ദി പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും അംഗങ്ങളും കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും യുപിഎസ്സി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭാവിയിലെ സിവിൽ സർവീസുകൾ, സാങ്കേതികവിദ്യ, പരീക്ഷാ പരിഷ്കാരങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിപാടിയിൽ ചർച്ചയായി.
