ബംഗ്ലാദേശിൽ സംഭവിച്ചതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലഖ്നൗവിൽ വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം.
തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണം (SIR), മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നിൽ അധികാരം പിടിക്കാനുള്ള ലക്ഷ്യമാണെന്ന് രാജ്നാഥ് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്താനും ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
1975ലെ അടിയന്തരാവസ്ഥയും 1984ലെ സിഖ് വിരുദ്ധ കലാപവും പരാമർശിച്ച രാജ്നാഥ്, കോൺഗ്രസ് മുൻകാലത്തും ജനാധിപത്യ മൂല്യങ്ങൾക്ക് ക്ഷതമേൽപ്പിച്ചിട്ടുണ്ടെന്ന് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മുൻകാല നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു.
