പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച എൻഎസ്യുഐ പ്രവർത്തകരെ ഒമ്പത് മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പൊലീസ് മർദനത്തിന് ഇരയായ മലയാളി വിദ്യാർഥി ആതിര, ജെബി മേത്തർ എംപി എന്നിവരടക്കമുള്ളവരെ വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ആതിരയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് എൻഎസ്യുഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചത്. ദേശീയ അധ്യക്ഷൻ വിനോദ് ജാക്കറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മർദനത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത ഡൽഹി പൊലീസിനെ ആതിര രൂക്ഷമായി വിമർശിച്ചു. വിദ്യാർഥികളെ മർദിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ആരോപണം. ഇതിനിടെ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൊലീസുകാരല്ലാത്ത ചിലർ സംഘടിച്ചെത്തി എൻഎസ്യുഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ ക്യാമറയിൽ പതിഞ്ഞതായും റിപ്പോർട്ടുണ്ട്. സംഘത്തിലെ ചിലർ പൊലീസുകാരെയും മർദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാമെന്നാണ് വിവരം. എന്നാൽ പൊലീസിനെ മർദിച്ചവർ എൻഎസ്യുഐ പ്രവർത്തകരല്ലെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എൻഎസ്യുഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ആതിര ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് മർദനമേറ്റത്. പൊലീസ് വാനിലും സ്റ്റേഷനിലുംവച്ച് ക്രൂരമായി മർദിച്ചെന്നും വനിതാ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചെന്നും ആതിര ആരോപിച്ചിരുന്നു. മർദനത്തെത്തുടർന്ന് വലത് ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടതായും വിദ്യാർഥി പരാതിപ്പെട്ടിട്ടുണ്ട്.
ആതിരയുടെ പരാതിയിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ധർണയ്ക്കൊടുവിലാണ് ആതിരയെയും ജെബി മേത്തർ എംപിയെയും മറ്റ് എൻഎസ്യുഐ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
