മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വിവിധ നഗരങ്ങളിൽ ശക്തമായി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമരവേദി സജീവമായി.
ശിവാജി പാർക്കിൽ ഒത്തുകൂടുന്നതിനുള്ള അനുമതി പൊലീസ് നിഷേധിച്ചിരുന്നെങ്കിലും പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ടുപോയി. സമരത്തിനിടെ മുംബൈ പൊലീസിനെയും മാധ്യമങ്ങളെയും പിന്തുണച്ച് മുദ്രാവാക്യങ്ങളും ഉയർന്നു. വൈകിട്ട് 6.30 വരെ മാത്രമാണ് ശബ്ദവ്യാപിനി ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഇതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച ഇടത് സംഘടനകളുടെ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരെ പൊലീസ് തടയുകയും നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപി എ.എ. റഹീം, ജെയ്ക്ക് സി. തോമസ് എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവർത്തകരും പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു.
പ്രതിഷേധം വ്യാപിക്കുമെന്ന സൂചനയെ തുടർന്ന് ജന്തർ മന്ദർ പരിസരത്തെ സുരക്ഷ ശക്തമാക്കിയ പൊലീസ് നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. നൂറുകണക്കിന് പ്രവർത്തകരെയും പ്രതിഷേധക്കാരെയും വിവിധ ബസുകളിലായി മാറ്റിയതായും വനിതാ പ്രവർത്തകരുൾപ്പെടെ പലരെയും കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് സമരസംഘടനകൾ അറിയിച്ചു.
